(ഒരു പാക്കിസ്ഥാന് യാത്രയുടെ ഓര്മകളോടെ….)
ആരെന്തു കോലാഹലമുണ്ടാക്കിയാലും ശരി, ഇരുതല മൂര്‍ച്ചയുള്ള ആക്രമണമാണ് പാക്കിസ്ഥാനെതിരെ നരേന്ദ്ര മോദിയുടെ ഇന്ത്യ നടത്തുന്നത്. തുറന്ന പോരില്‍ കീഴടക്കി ആത്മവീര്യം കെടുത്തുന്നതിനൊപ്പം ലോക രാഷ്ട്രങ്ങളുടെ പിന്തുണയോടെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുകയും ചെയ്യുക എന്ന തന്ത്രം വിജയകരമായി നടപ്പാക്കി വരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍. ലോക രാഷ്ട്രങ്ങളുടെ മനസ്സാക്ഷിയെ കീഴടക്കി മോദി പാക്കിസ്ഥാനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. മൂന്നാമതൊരു ആക്രമണത്തിനുള്ള ആയുധംകൂടി മോദിയുടെ ആവനാഴിയിലുണ്ട്. അത് പാക്കിസ്ഥാന് ജനതയുട മനസ്സു കീഴടക്കലാണ്. അവിടത്തെ ബഹുഭൂരിപക്ഷം വരുന്ന നിശ്ശബ്ദ ജനതയുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഗൃഹാതുര സ്മരണയെ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ പാക്കിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വം സ്വന്തം രാജ്യത്തും ഒറ്റപ്പെടും. പാക് ജനത മോദിയെ വാഴ്ത്തും. പോരാട്ടം ജനങ്ങളോടല്ല, ഭീകരതയോടാണ് എന്നു മോദി പറയുമ്പോള്‍ അര്‍ഥം ഇതു തന്നെയാവാനാണ് സാധ്യത.
ക്രിക്കറ്റ് പരമ്പര റിപ്പോര്‍ട്ടു ചെയ്യാന്‍, മുന്‍പു പാക്കിസ്ഥാനിലെ കറാച്ചിയിലും ഹൈദരാബാദിലും ലഹോറിലും സഞ്ചരിച്ചപ്പോഴത്തെ അനുഭവം ഒട്ടേറെ കാര്യങ്ങള്‍ പറയുന്നവയായിരുന്നു. പാക്കിസ്ഥാന് ജനസമൂഹത്തില്‍ ശക്തമായൊരു അടിയൊഴുക്കുണ്ട്്. ഇന്ത്യയെ സ്നേഹിക്കുകയും സൗഹൃദത്തിന്റെ പഴയകാല സ്വപ്നം മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സാധാരണക്കാരായ അവരുടെ വികാരത്തിനും ശബ്ദത്തിനും പക്ഷേ, വിലയില്ല. അവര്‍ അസംഘടിതരാണ്. ഇന്ത്യയിലെ ഹിന്ദുക്കളുടെ അവസ്ഥയാണ് അവിടത്തെ നല്ലവരായ മുസ്ലീം ജനവിഭാഗത്തിന്. തീവ്രചിന്താഗതിക്കാരായ ന്യൂനപക്ഷത്തിന്റെ വികാരമാണു നടപ്പാകുന്നത്. അവരാണു രാഷ്ട്രീയ നേതൃത്വം കയ്യാളുന്നത്. ഇന്ത്യയില്‍ ഹിന്ദു ഉണര്‍ന്നാല്‍ സംഭവിക്കുന്നതു തന്നെയായിരിക്കും ഈ നിശ്ശബ്ദ ഭൂരിപക്ഷം ഉണര്‍ന്നാല്‍ പാക്കിസ്ഥാനിലും സംഭവിക്കുക.
പരസ്പര പ്രശ്നങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം വിട്ടുനിന്ന ശേഷം ഇന്ത്യ ആദ്യമായി പാക്കിസ്ഥാനില്‍ കളിക്കാന്‍ പോയ പരമ്പര കവര്‍ ചെയ്യാനാണ് കറാച്ചിയില്‍ വിമാനമിറങ്ങിയത്. ഹോട്ടലിലേയ്ക്കുള്ള യാത്രയില്‍, ടാക്സി ഡ്രൈവര്‍ കമാല്‍ വഴിനീളെ സംസാരിച്ചത് ഇന്ത്യക്കാരനായി ജനിച്ച എന്റെ ഭാഗ്യത്തെക്കുറിച്ചായിരുന്നു. കമാലിനു സ്വപ്ന ഭൂമിയാണ് ഇന്ത്യ. പിറ്റേന്നു മുതല്‍ സ്നേഹ പൂര്‍ണമായ സഹായങ്ങളുമായി ഒപ്പംനിന്ന, ‘ഡോണ്‍’ പത്രത്തിന്റെ സ്പോര്‍ട്സ് എഡിറ്റര്‍ സമി ഉള് ഹസ്സന്. ഇവരില്നിന്നുതുടങ്ങുന്നു അനുഭവങ്ങളുടെ നല്ല ഓര്‍മകള്‍.
മല്‍സര വേദി പെട്ടെന്ന് കറാച്ചിയില്‍ നിന്നു സിന്ധിലെ ഹൈദരാബാദിലേക്കു മാറ്റിയത് കാര്യങ്ങളുടെ താളം തെറ്റിച്ചു. അല്പം അപകടം പിടിച്ച സ്ഥലമാണ്, സിന്ധു നദീതീരത്തെ ചെറു നഗരമായ ഹൈദരാബാദ് തീവ്രവാദികളുടെ കേന്ദ്രമാണ്. പൊടുന്നനെയുള്ള മാറ്റമായിരുന്നതിനാല് കറാച്ചിയില്‍ നിന്ന് അവിടെ എത്തിപ്പെടാന്‍ വൈകി. കളി പിറ്റേന്നാണ്. സുരക്ഷിതമായ താമസ സൗകര്യം ബുദ്ധിമുട്ടായപ്പോള്‍ ‘പ്രിയപ്പെട്ട ഇന്ത്യന്‍ അതിഥിക്ക്’ പ്രസ് ക്ലബ്ബില്‍ താമസ സൗകര്യവും ഭക്ഷണവും ഒരുക്കിത്തന്നത് പ്രസ് ക്ലബ് പ്രസിഡന്റ് അലി ഹസ്സനായിരുന്നു. പിന്നെയും എത്രപേര്‍ ! കളിദിവസം സ്റ്റേഡിയത്തിനു സമീപം വാഹനം തടഞ്ഞ പൊലീസുകാരനോട,് ‘ഈ സാര്‍ ഇന്ത്യക്കാരനാണ്, വഴിയില്‍ ഇറക്കി വിടാന്‍ പറ്റില്ല’ എന്നു വാശി പിടിച്ച ഡ്രൈവര്‍, ഇന്ത്യക്കാരന് എന്നു കേട്ടപ്പോള്‍ ബൈക്കിന്റെ പിന്നിലിരുത്തി സ്റ്റേഡിയം വരെ എത്തിച്ച പൊലീസ് ഓഫീസര്‍, ഗേറ്റിലെ ആള്‍ക്കൂട്ടത്തിനിടയില്‍ കുടുങ്ങിയപ്പോള്‍, ‘അദ്ദേഹം ഇന്ത്യക്കാരനാണ്, കടത്തിവിടൂ’ എന്ന് അവിടെ നിന്ന തൊപ്പിക്കാരനോടു നിര്‍ദേശിച്ച സെക്യൂരിറ്റി ഓഫിസര്‍….അവരിലൊന്നും വൈരത്തിന്റെ തീപ്പൊരി കണ്ടില്ല. പാക്കിസ്ഥാന്‍കാരനായി മാറിയ മലപ്പുറംകാരന് ബി.എം. കുട്ടി എന്ന സാമൂഹിക, രാഷ്ട്രീയ നേതാവ് അവിടെ സൗഹൃദത്തിന്റെ പാലമായി നിന്നു. കറാച്ചിയിലെ പ്രസ്ക്ളബ്ബില്‍ വച്ചുകണ്ട മാധ്യമ പ്രവര്ത്തകന് മുഹമ്മദ് നിയാസി പറഞ്ഞതു കാതിലുണ്ട്: നിങ്ങള്‍ നോക്കിക്കൊള്ളൂ, ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും കൈകോര്‍ത്തു ജീവിക്കുന്ന കാലം അത്ര വിദൂരമല്ല.
ഇന്ത്യയും പാക്കിസ്ഥാനും എന്നല്ല, ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും എന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇന്ത്യാ വിരോധത്തെ ജനസമൂഹം മറികടക്കുമെന്നായിരിക്കണം ഉദ്ദേശിച്ചത്. ഇന്ത്യയില്‍ വരാനും മുംബൈയുമായി പഴയ വ്യാപാര ബന്ധം സ്ഥാപിക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടവിടെ. ഇന്ത്യന്‍ സിനിമകള്‍ കാണാനും ഇന്ത്യന്‍ സംഗീതം ആസ്വദിക്കാനും ഇന്ത്യന്‍ സാരി ഉടുക്കാനും ഇഷ്ടപ്പെടുന്ന, മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്കറുടെയും കിഷോര്‍ കുമാറിന്റെയും ഗാനങ്ങള്‍ ഇഷ്ടപ്പെടുകയും രാജേഷ് ഖന്നയെയും അമിതാഭ് ബച്ചനെയും സുനില്‍ ദത്തിനെയും മറ്റും ആരാധിക്കുകയും ചെയ്യുന്ന വിഭാഗമാണ് അവിടുത്തെ സാധാരണ ജനത.
പാക്കിസ്ഥാന് പിടികൂടിയ വിങ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കണമെന്നു പാക്കിസ്ഥാന് ജനതയില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നില്ലേ ? ആ ആവശ്യക്കാരില്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ കൊച്ചുമകളുമുണ്ടായിരുന്നു. ഒരു സാധാരണ പൗരനുപോലും പോറലേല്‍ക്കാതെ കൃത്യതയോടെ സൈനിക നടപടി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ സമീപനം, ഇന്ത്യ എന്ന രാജ്യം കാത്തു സൂക്ഷിക്കുന്ന മാനുഷിക പരിഗണനയുടേയും മാന്യതയുടേയും തെളിവാണ്. അതിനു രണ്ടിനും അതിര് വരമ്പുകളില്ല. ഭീകരവാദചിന്ത മനസ്സില്‍ ഉറഞ്ഞുകൂടുമ്പോഴാണ് മനുഷ്യന് മനുഷ്യനല്ലാതാകുന്നത്. അവര്‍ക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടം. അക്കാര്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് മുസ്ലീം രാഷ്ട്രങ്ങള്‍ പോലും ഇന്ത്യയ്ക്കൊപ്പം നിന്നത്. അതു ലോകത്തിനു മനസ്സിലാക്കിക്കൊടുക്കാനായതാണ് നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയുടെ വിജയം.
ഇതുവരെ തങ്ങളെ ധരിപ്പിച്ചുവച്ചതല്ല യഥാര്‍ഥ ഇന്ത്യയെന്ന് പാക്കിസ്ഥാന് ജനതയും തിരിച്ചറിയും. അത് അറിയിക്കാന്‍ മോദിക്ക് കഴിയും. ഈ യാഥാര്‍ഥ്യം മനസ്സിലാകാത്തത് ഇന്ത്യയിലുള്ള വികലബുദ്ധി ജീവികള്‍ക്കും സംസ്കാരമെന്തെന്നറിയാത്ത സാംസ്കാരിക നായകര്‍ക്കും ഭരണനഷ്ടത്തില്‍ വിലപിക്കുന്ന പ്രതിപക്ഷത്തെ രാഷ്ട്രീയ അഭയാര്‍ഥികള്‍ക്കും മാത്രമാണ്. അവരെ അവഗണിക്കാം. ലോകം മുന്നോട്ടു നീങ്ങുമ്പോള്‍ പിന്നോട്ടു നടക്കുകയാണ് അവര്‍.
അഖണ്ഡ ഭാരതം എന്ന സ്വപ്നം സമീപ ഭാവിയില്‍ യാഥാര്‍ഥ്യമാകില്ലെന്ന് ആരുകണ്ടു? രാജ്യാന്തര അതിരുകള്‍ നിലനില്‍ക്കെത്തന്നെ ഈ ഉപഭൂഖണ്ഡത്തിന്റ നായകനായി മോദി മാറിക്കൂടെന്നില്ലല്ലോ. ഇന്ത്യയുടെ നായകന് ഉപഭൂഖണ്ഡത്തിന്റെ ജനനായകനാകും. അപ്പൊഴുമുണ്ടാകും പിന്നോട്ടു നടക്കാന്‍ ചിലരൊക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: