കൊല്ലം: മരച്ചീനി കച്ചവടക്കാരായ വൃദ്ധരുടെ കയ്യാങ്കളിയില്‍ കൊല്ലം കടയ്‌ക്കലില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ സിപിഎം നിലപാട് അപഹാസ്യമായി മാറി. കടയ്‌ക്കല്‍ ചിതറ മഹാദേവര്‍ കുന്നെന്ന സിപിഎം പാര്‍ട്ടിഗ്രാമത്തിലാണ് ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ കഴിഞ്ഞ ദിവസം വൃദ്ധന്‍ മരിച്ചത്. കിഴക്കും ഭാഗം ചന്തയില്‍ മരച്ചീനി കച്ചവടക്കാരനായ വളവുപച്ച സജീനാ മന്‍സിലില്‍ ബഷീര്‍ (72) ആണ് അയല്‍ വാസിയായ മുദീനാ മന്‍സിലില്‍ ഷാജഹാന്റെ (63) കുത്തേറ്റ് മരിച്ചത്.
എന്നാല്‍ ദല്‍ഹിയില്‍ വച്ച് മരണം മാധ്യമങ്ങളിലൂടെ അറിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊലപാതകം രാഷ്‌ട്രീയ സംഘര്‍ഷമാക്കി വ്യാഖ്യാനിക്കുകയും പെരിയയിലെ ദാരുണമായ ഇരട്ടക്കൊലപാതകത്തിന് പകരമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
സിപിഎം സൈബര്‍ പടയും ഇതേറ്റെടുത്തതോടെ സിപിഎം അനുഭാവിയായ ബഷീര്‍ രക്തസാക്ഷിയും സിപിഎം അനുഭാവി തന്നെയായ ഷാജഹാന്‍ കോണ്‍ഗ്രസ് ഗുണ്ടയും ആയി. എന്നാല്‍ പ്രതിയെ കൈയോടെ പിടികൂടിയ കടയ്‌ക്കല്‍ പോലീസിനോ നാട്ടുകാര്‍ക്കോ സംഭവത്തെക്കുറിച്ച് യാതൊരു സംശയമില്ലായിരുന്നു. നിരവധി ദൃക്‌സാക്ഷികളുള്ള സംഭവത്തെയാണ് സിപിഎം രാഷ്‌ട്രീയ സംഘര്‍ഷത്തിന് വിത്തുപാകുന്നതിനായി കള്ളം പ്രചരിപ്പിച്ചത്.
കൊലപാതകത്തിന് ആസ്പദമായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഇരട്ടപ്പേര് വിളിച്ച് ഷാജഹാനെ ബഷീര്‍ കളിയാക്കി. ഇത് ചോദ്യം ചെയ്ത ബഷീര്‍ ഷാജഹാനെ കല്ലെറിഞ്ഞു. ഏറ് കൊണ്ട് വീട്ടില്‍ പോയ ഷാജഹാന്‍ കത്തിയുമെടുത്ത് പിന്നാലയെത്തി ബഷീറിനെ കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. ഒന്‍പത് കുത്തുകള്‍ ഏറ്റ ബഷീര്‍ കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് മരിച്ചു. മൃതദേഹം താനൂര്‍ പള്ളിയില്‍ കബറടക്കി.
അവിവാഹിതനായ ബഷീര്‍ മുന്‍പ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. നിസാരമായ വാക്കു തര്‍ക്കത്തെത്തുടര്‍ന്ന് നാട്ടിന്‍ പുറത്തുണ്ടായ കൊലപാതകത്തെയാണ് സിപിഎം നേതാക്കള്‍ രാഷ്‌ട്രീയ വില്‍പ്പനയ്‌ക്കായി കള്ളം പറഞ്ഞ് മുതലെടുക്കാന്‍ ശ്രമിച്ചത്. ഈ വ്യാജ പ്രചരണത്തിനെതിരെ ബഷീറിന്റെ കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പ്രേരണയായ സംഭവത്തില്‍ മുന്‍ വൈരാഗ്യമോ യാതൊരുവിധ രാഷ്‌ട്രീയമോ ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും കൊലപാതകം രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കാനാണ് കോടിയേരി ശ്രമിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് ചിതറയില്‍ സിപിഎം ഹര്‍ത്താലും നടത്തി. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: