കൊല്ലം: സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകം രാഷ്‌ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളി ബഷീറിന്റെ സഹോദരി. കപ്പ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സഹോദരി അഭിസാ ബീവി അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് കപ്പ കച്ചവടം നടത്തുന്നത് സംബന്ധിച്ച് ബഷീറും പ്രതിയായ ഷാജഹാനും തമ്മില്‍ വാക്കേറ്റമുണ്ടായി. വൈകുന്നേരം മുന്നര മണിയോടെ ബഷീറിന്റെ വീട്ടിലെത്തിയ ഷാജഹാന്‍ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് അഭിസാ ബീവി കൂട്ടിച്ചേര്‍ത്തു.
ഒന്‍പത് മുറിവുകളാണ് ബഷീറിന്റെ ദേഹത്ത് ഉണ്ടായിരുന്നത്. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണത്തിന് കാരണം. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊലപാകത്തിന് പിന്നിലെന്ന സിപിഎം ആരോപണത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി.
കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് തിരിച്ചടി നല്‍കുമെന്ന് പറഞ്ഞിരുന്നു. അതാണ് കൊല്ലത്തുള്ള ബഷീറിന്റെ കൊലപാതകത്തില്‍ കണ്ടതെന്നുമാണ് കോടിയേരി സംഭവത്തില്‍ പ്രതികരിച്ചത്. കോടിയേരിയുടെ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ബഷീറിന്റെ സഹോദരി ഇപ്പോള്‍ രംഗതെത്തിയിരിക്കുന്നത്.
എന്നാല്‍ കേസിലെ പ്രതി ഷാജഹാന് കോണ്‍ഗ്രസ്സുമായി ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞു. അതിനിടെ ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കടയ്‌ക്കലില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തി. ചിതറ പഞ്ചായത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലും നടക്കുകയാണ്.
















