ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ മൂന്നു ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൂടി സുരക്ഷാസേന കൊന്നു. എത്ര തീവ്രവാദികളെ സൈന്യം വധിച്ചു എന്ന വിവരം വ്യക്തമല്ല.
അതിനിടെ ശനിയാഴ്ച ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സിആര്‍പിഎഫ് ജവാന്‍ ഇന്ന് രാവിലെ വീരമൃത്യു വരിച്ചു. ഇതുവരെ ഒരു സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍, ഒരു സിആര്‍പിഎഫ് ജവാന്‍, രണ്ട് കരസേനാ ജവാന്‍മാര്‍, ഒരു പൊലീസുകാരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റുമുട്ടലുകളില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഹന്ദ്‌വാര മേഖലയിലെ ബാബാഗുണ്ടില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ നിറയൊഴിച്ചതോടെ ആയിരുന്നു ആക്രമണം തുടങ്ങിയത്.
ഭീകരരുടെ ആക്രമണം കൂടാതെ നിയന്ത്രണ രേഖയില്‍ പലയിടത്തും പാകിസ്ഥാന്‍ ഷെല്ലാക്രമണം തുടരുകയാണ്. രജൗറി, ഷോപിയാന്‍, പൂഞ്ച് മേഖലകളിലെല്ലാം സംഘര്‍ഷം തുടരുകയാണ്.
















