ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പം കശ്മീരിലെത്തും.
നിലവില്‍, രാജ്യത്തെ കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ തലവന്‍മാര്‍ പ്രതിരോധമന്ത്രിയുമായി ചര്‍ച്ച നടത്തിവരികയാണ്. നിലവിലെ സാഹചര്യങ്ങള്‍ സേനാമേധാവികള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച വൈകിട്ടു കേന്ദ്ര മന്ത്രിസഭായോഗവും നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ചേരുന്നുണ്ട്. പാക്കിസ്ഥാന്റെ പിടിയിലുള്ള വ്യോമസേന പൈലറ്റ് അഭിനന്ദന്റെ മോചനവും സുരക്ഷ ഒരുക്കങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം.
















