കൊച്ചി: സംസ്ഥാനത്തെ കെട്ടിടങ്ങളുടെ സുരക്ഷയും അനുമതിയും സംബന്ധിച്ച പരിശോധന വരുന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിനാണ് പരിശോധന ചുമതല. മാര്‍ച്ച് രണ്ടിനു മുമ്പ് പരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് 15 ന് മുമ്പ് അധികൃതര്‍ക്ക് റിപ്പോര്‍ട്ടു നല്‍കാനാണ് നിര്‍ദ്ദേശം.
കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിന്റെ തീരുമാനം. ഓരോ ഫയര്‍ സര്‍വീസ് കേന്ദ്രത്തിന്റെയും പരിധിയിലുള്ള കെട്ടിടങ്ങള്‍ പരിശോധിച്ച് എന്‍ഒസി ഉണ്ടോ, ഉണ്ടെങ്കില്‍ പുതുക്കിയതാണോ, കെട്ടിടത്തില്‍ പുതിയ നിര്‍മാണമോ പരിഷ്‌കാരമോ വരുത്തിയതിന് അനുമതി പുതുക്കിയിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കും. ഡിജിപി എ. ഹേമചന്ദ്രന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഇതിന് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നംഗ സംഘത്തെ നിയോഗിക്കും. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്മേല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്ത നിയന്ത്രണ അഥോറിറ്റിയും വേണം തുടര്‍ നടപടിയെടുക്കാന്‍. വകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും അഗ്‌നിശമന സംവിധാനങ്ങളില്‍ പരിശീലനം നല്‍കാനും കെട്ടിടങ്ങളിലെ അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
















