കാസര്‍കോട്: കാസര്‍കോട് കല്യോട്ട് സിപിഎമ്മുകാരുടെ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വീടുകള്‍ സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത് ലാലിന്റേയും രക്ഷിതാക്കളുമായും സുരേഷ് ഗോപി സംസാരിച്ചു.
കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്, വിദഗ്ധ അന്വേഷണത്തില്‍ മാത്രമേ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ എന്നും എംപി പറഞ്ഞു.
അതേസമയം ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ ഭരണം മാറുമ്പോള്‍ വാക്ക് മാറ്റരുതെന്നും സുരേഷ്‌ഗോപി വിമര്‍ശിച്ചു. കേസ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ള ഐജി ശ്രീജിത് മികച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹത്തില്‍ വിശ്വാസവുമുണ്ട്. എന്നാല്‍ അന്വേഷണത്തിന് ചുമതലപ്പെടുത്തിയ രാഷ്‌ട്രീയ തിമിരം ബാധിച്ചവരില്‍ ഒരു വിശ്വാസവും തനിക്കില്ലെന്നും അ്‌ദ്ദേഹം കുറ്റപ്പെടുത്തി.
ടിപി വധക്കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണം. കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ ഞാന്‍ ഷംസീറിനൊപ്പമാണെന്നും സുരേഷ് ഗോപി പിഎമ്മിനെ പരിഹസിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിന് രക്ഷാ മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി പ്രാദേശിക നേതാക്കള്‍ക്കൊപ്പം സ്ഥലതെത്തിയ അദ്ദേഹം ഇരുകുടുംബങ്ങളേയും ആശ്വസിപ്പിച്ച ശേഷമാണ്
തിരികെ പോയത്.
















