പെരിയ (കാസര്‍കോട്): സിപിഎം ഓഫീസില്‍ വെച്ചാണ് പെരിയ ഇരട്ടകൊലപാതകത്തിന് ഗൂഢാലോചന നടന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. കൃപേഷിനെയും ശരത്തിനെയും കൊല്ലാനായി എച്ചലടുക്കത്തെ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ കൃത്യം നടന്ന ദിവസം വൈകിട്ടായിരുന്നു ഗൂഢാലോചന. ഒന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ പീതാംബരനും കൂട്ട് പ്രതികളും പാര്‍ട്ടി ഓഫീസില്‍ ഒത്തുകൂടി.
നേരത്തെ ഇവിടെ നടന്ന ബ്രാഞ്ച് കമ്മറ്റി യോഗത്തില്‍ വിഷയം സംസാരിച്ചിരുന്നു. തന്റെ കൈയൊടിച്ചവരോട് പ്രതികാരം ചെയ്യാന്‍ കൂടെ നിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്‌ക്കുമെന്ന് മുന്നറിയിപ്പും നല്‍കി. തീരുമാനമെടുത്ത ശേഷം കേസിലെ രണ്ടാം പ്രതി സജി. സി. ജോര്‍ജ് താല്‍ക്കാലികമായി തങ്ങാറുള്ള പാര്‍ട്ടി ഓഫീസിന് തൊട്ടടുത്തുള്ള മുറിയിലെത്തി ആയുധങ്ങളെടുത്തു.
പീതാംബരന്റെ പേരിലുള്ള ഈ മുറി സജിയാണ് ഉപയോഗിക്കുന്നത്.
നേരത്തെ ഫോണില്‍ പറഞ്ഞതനുസരിച്ച് അനില്‍കുമാറും സുരേഷും സ്ഥലത്തെത്തി. സന്ധ്യക്ക് എല്ലാവരും കൂടി കൃപേഷും ശരത്തും വരുന്ന വഴിയിലെ കാട്ടില്‍ പതുങ്ങിയിരുന്ന് കൊലചെയ്യുകയായിരുന്നു. കൃപേഷും ശരത്തും എവിടെയുണ്ടെന്നറിയാന്‍ പീതാംബരന്‍ ബൈക്കെടുത്ത് റോഡിലുടെ അങ്ങോട്ടും ഇങ്ങോട്ടും പോയിട്ട് തൊട്ടടുത്തുള്ള ശാസ്താ ഗംഗാധരന്റെ വീട്ടില്‍ ബൈക്ക് വച്ചു. തിരിച്ച് വന്ന് മറ്റ് പ്രതികള്‍ക്കൊപ്പം ചേരുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയതെന്ന് പോലീസ് പറയുന്നു.
കേസില്‍ ഇതുവരെ പിടികൂടിയ ഏഴുപേരെ കൂടാതെ മൂന്ന് പ്രതികള്‍ കൂടിയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. അവര്‍ കൂടി പിടിയിലാകുന്നതോടെ ആകെ പ്രതികളുടെ എണ്ണം പത്താകും.
















