ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും നുണ പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം മോദി ജിം കോര്‍ബറ്റ് ദേശീയ പാര്‍ക്കില്‍ ഫോട്ടോ ഷൂട്ടിലായിരുന്നുവെന്ന രാഹുലിന്റെ ആരോപണം വ്യാജമാണെന്ന് ബിജെപി വ്യക്തമാക്കി. വൈകിട്ട് മൂന്നരയോടെയാണ് കശ്മീരില്‍ ഭീകരാക്രമണമുണ്ടായത്. രാഹുല്‍ പുറത്തുവിട്ട ഫോട്ടോകള്‍ രാവിലെ എടുത്തതാണെന്നും ബിജെപി ട്വിറ്ററില്‍ വ്യക്തമാക്കി.
”രാഹുല്‍ജി, താങ്കളുടെ വ്യാജ വാര്‍ത്തകള്‍ കാരണം രാജ്യം ക്ഷീണിച്ച് തളര്‍ന്നിരിക്കുകയാണ്. രാവിലെയെടുത്ത ഫോട്ടോകള്‍ പ്രചരിപ്പിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. പുല്‍വാമയിലെ ആക്രമണം താങ്കള്‍ ചിലപ്പോള്‍ നേരത്തെ അറിഞ്ഞിട്ടുണ്ടാകും. പക്ഷെ, ജനങ്ങള്‍ വൈകിട്ടാണ് അറിഞ്ഞത്. ജവാന്മാരുടെ ജീവത്യാഗം അല്ലാത്ത വിഷയത്തില്‍ അടുത്ത തവണ മികച്ചതാക്കാന്‍ ശ്രമിക്കൂ”. ബിജെപി പരിഹസിച്ചു.
ഔദ്യോഗിക പരിപാടിക്കാണ് മോദി അവിടെ പോയതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. ആക്രമണത്തെക്കുറിച്ച് കോണ്‍ഗ്രസ് നേരത്തെ അറിഞ്ഞിരുന്നോയെന്ന് വ്യക്തമല്ല. ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പാര്‍ട്ടിയുടെ ഇന്റലിജന്‍സ് സംവിധാനം ഇത്രയേറെ ശക്തമാണെങ്കില്‍ കോണ്‍ഗ്രസ്സിന് നല്ലതാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരാക്രമണത്തില്‍ സര്‍ക്കാരിനെ ആദ്യം കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ രാഹുല്‍ നിലപാട് മാറ്റി സര്‍ക്കാരിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
















