ന്യൂദല്‍ഹി: ഹിന്ദു ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ വിമുക്തമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമിയും ടി.ജി മോഹന്‍ദാസും നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ കൂടുതല്‍ സംഘടനകള്‍ കക്ഷി ചേരുന്നു. കൊല്ലത്തെ വീരശ്രീ വേലുത്തമ്പി ദളവ മെമ്മോറിയല്‍ സേവാസമിതിക്ക് കേസില്‍ കക്ഷി ചേരുന്നതിന് സുപ്രീംകോടതി അനുമതി നല്‍കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കമുള്ള ബോര്‍ഡുകളുടെ കീഴിലെ ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും ഇടപെടുന്നതിനെതിരായ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ എന്‍എസ്എസ്, എസ്എന്‍ഡിപി, പുലയ മഹാസഭ, ഹിന്ദുഐക്യവേദി തുടങ്ങിയ സംഘടനകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വേലുത്തമ്പി ദളവാ സേവാസമിതി ജനറല്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.പി കൈലാസനാഥപിള്ള ഹാജരായി.
മതേതരത്വം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് ക്ഷേത്രങ്ങളുടെ ഭരണത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടാന്‍ അധികാരമില്ലെന്നും മറ്റു മതങ്ങളുടെ പോലെ ക്ഷേത്ര ഭരണം ഹിന്ദു സമൂഹത്തിന് വിട്ടു നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
















