കോട്ടയം: എന്‍എസ്എസിനെ രാഷ്‌ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ സിപിഎമ്മിനോ ധാര്‍മ്മിക അവകാശമില്ലെന്നുള്ള കാര്യം മനസ്സിലാക്കുന്നത് നന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ്സിനെതിരെ, ഒറ്റതിരിച്ച് പ്രസ്താവനായുദ്ധവുമായി ഇറങ്ങിയിരിക്കുന്ന കോടിയേരിക്ക് മറുപടിയാണിത്.
ശബരിമല ആചാരസംരക്ഷണ കാര്യത്തില്‍ ആരെയെങ്കിലും ഭയപ്പെടുത്താനോ, ആരുമായെങ്കിലും നിഴല്‍ യുദ്ധത്തിനോ എന്‍എസ്എസ്സിന് ഉദ്ദേശമില്ല. സിപിഎമ്മിന്റേതെന്നല്ല ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഇടപെടുകയോ, അനാവശ്യമായി ഏതെങ്കിലും വിഷയങ്ങളില്‍ വിലപേശല്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കണമെന്ന നിലപാടാണ് എന്‍എസ്എസിനുള്ളത്. അതുകൊണ്ടാണ് സുപ്രീംകോടതിയില്‍ വന്ന കേസില്‍ തുടക്കത്തില്‍ തന്നെ കക്ഷിചേര്‍ന്ന് വിശ്വാസ സംരക്ഷണത്തിനായി നിലകൊണ്ടത്. യുവതീ പ്രവേശനം സംബന്ധിച്ച വിധി വന്നപ്പോള്‍ റിവ്യൂഹര്‍ജിയും ഫയല്‍ ചെയ്തു. ഈ കാരണം കൊണ്ട് എന്‍എസ്എസ്സിനെതിരെ വാളോങ്ങാനോ, നിലപാടുകളെ വിമര്‍ശിക്കാനോ കോടിയേരിക്കോ അനുയായികള്‍ക്കോ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോടതിയോട് സാവകാശം ചോദിക്കുകയോ വിശ്വാസികളുടെ വികാരം കണക്കിലെടുക്കുകയോ ചെയ്യാതെ നടപടികളിലേക്ക് നീങ്ങിയപ്പോള്‍ തന്നെ കോടിയേരിയേയും, മുഖ്യമന്ത്രിയേയും വിളിച്ച് റിവ്യൂഹര്‍ജിയുടെ തീരുമാനം വരുന്നതുവരെ നീക്കങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അനുകൂല നടപടികള്‍ ഉണ്ടായില്ല. മറിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയെന്ന ലക്ഷ്യത്തില്‍ നിരീശ്വരവാദികളായ ആക്ടിവിസ്റ്റുകളെ പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്തേക്ക് കയറ്റിക്കൊണ്ടു പോകുകയാണുണ്ടായത്. വിശ്വാസികളുടെ മനോവേദന മനസ്സിലാക്കി ”ഇതൊന്നു നിര്‍ത്തിവയ്‌ക്കുന്നപക്ഷം ആരുടെ കാലുവേണമെങ്കിലും പിടിക്കാം” എന്നുവരെ അറിയിച്ചു. എന്നാല്‍ എല്ലാ അഭ്യര്‍ത്ഥനകളെയും അവഗണിച്ച് അവരുടെ തീരുമാനവുമായി മുന്നോട്ട് പോവുകയാണുണ്ടായത്.
ഈ സന്ദര്‍ഭത്തില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചു നില്ക്കാനാണ് എന്‍എസ്എസ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ രാഷ്‌ട്രീയം കണ്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.
















