ഹൈദരാബാദ്: തിരുപ്പതി ഗോവിന്ദ രാജ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. ഗോവിന്ദ രാജ സ്വാമിയുടെയും പത്‌നിമാരായ ഭൂദേവിയുടെയും ശ്രീദേവിയുടെയും വിഗ്രഹങ്ങളില്‍ നിന്നാണ് കിരീടം മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൊല ഭാസ്‌കര്‍ പറഞ്ഞു.
വൈകിട്ടത്തെ നൈവേദ്യത്തിന് ശേഷം നടയടച്ചിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞ്് വീണ്ടും തുറന്നപ്പോഴാണ് വിഗ്രഹങ്ങളില്‍ നിന്ന് കിരീടം അപ്രത്യക്ഷമായതായി അറിഞ്ഞത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചുവെന്നും ഭാസ്‌കര്‍ പറഞ്ഞു.
ഗോവിന്ദ രാജ സ്വാമിയുടെയും ശ്രീദേവിയുടെയും 528 ഗ്രാം വീതമുള്ള കിരീടങ്ങളും ഭൂദേവിയുടെ 408 ഗ്രാം തൂക്കമുള്ള കിരീടവുമാണ് നഷ്ടമായത്.
നൈവേദ്യത്തിന് ശേഷം ദര്‍ശനത്തിന് ഭക്തര്‍ എത്താതിരുന്നതിനാല്‍ ക്ഷേത്ര ജീവനക്കാരെയാണ് പോലീസിന് സംശയം. വ്യത്യസ്ത സമയങ്ങളിലായി മൂന്ന് പൂജാരിമാരാണ് ക്ഷേത്രത്തിലുള്ളത്. ആദ്യത്തെയാള്‍ പൂജാകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഇറങ്ങി അടുത്തയാള്‍ കയറിയപ്പോഴാണ് കളവ് നടന്നതായി അറിഞ്ഞത്.
രണ്ട് സബ് ഡിവിഷനല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചതായി തിരുപ്പതി അര്‍ബന്‍ എസ്പി കെകെഎന്‍ അന്‍ബുരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.
















