കൊച്ചി: പ്രഥമ പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലു സ്‌പൈക്കേഴ്‌സ് തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ഇന്നലെ ഉദ്ഘാടന മത്സരത്തില്‍ യു മുംബ വോളിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു, സ്‌കോര്‍: 15-11, 15-13, 15-8.
അമേരിക്കയുടെ ഒളിമ്പിക് താരം ഡേവിഡ് ലീയും സ്ലൊവേനിയക്കാരന്‍ ആന്ദ്രെ പതുക്കും കണ്ണൂര്‍ക്കാരന്‍ മനു ജോസഫും നായകന്‍ ഉക്രപാണ്ഡ്യനും രോഹിത്തും അരങ്ങു തകര്‍ത്തതോടെ കൊച്ചി സ്‌പൈക്കേഴ്‌സിന്റെ കുതിപ്പ് അനായാസമായിരുന്നു.
യു മുംബയാണ് ആദ്യ പോയിന്റ് നേടിയത്. അമേരിക്കയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ഡേവിഡ് ലീയുടെ നേതൃത്വത്തില്‍ സ്‌പൈക്കേഴ്‌സ് കളം വാഴാന്‍ തുടങ്ങിയതോടെ മുംബ ടീം വിയര്‍ത്തു.
ലീയുടെയും രോഹിത്തിന്റെയും പ്രഭാകരന്റെയും കനത്ത സ്മാഷുകള്‍ മുംബ ടീമിന്റെ താളംതെറ്റിച്ചു. ആദ്യ ടൈം ഔട്ടിനു ശേഷം കളത്തിലെത്തിയ മുംബ ടോമിസ്ലാവിന്റെയും ദിപേഷ് കുമാറിന്റെയും മികവില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടെ മുംബ രണ്ട് തവണയും സ്‌പൈക്കേഴ്‌സ് ഒരിക്കലും സൂപ്പര്‍ പോയിന്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ മികച്ച പ്രകടനവുമായി ഇരു ടീമുകളും കളം നിറഞ്ഞു. ഒപ്പത്തിനൊപ്പം സ്‌കോര്‍ നീങ്ങിയെങ്കിലും രോഹിത്തിന്റെ മികച്ച സര്‍വുകളിലൂടെയും ലീയുടെയും നായകന്‍ ഉക്രപാണ്ഡ്യന്‍, ആന്ദ്രെ പതുക് തുടങ്ങിയവരുടെ തകര്‍പ്പന്‍ സ്മാഷുകളും ബ്ലോക്കുകളും സ്‌പൈക്കേഴ്‌സിന് നേരിയ മുന്‍തൂക്കം ലഭിച്ചു. ഒരു ഘട്ടത്തില്‍ 10-8 എന്ന നിലയില്‍ മുന്നിലെത്തിയെങ്കിലും ചില പിഴവുകളിലൂടെ മുംബ 12-11 എന്ന നിലയില്‍ മുന്നിലെത്തി. തൊട്ടുപിന്നാലെ സ്‌പൈക്കേഴ്‌സ് ഒപ്പമെത്തി. പിന്നീട് 14-12ന് മുന്നിലെത്തിയ കൊച്ചി ടീം 15-13ന് രണ്ടാം സെറ്റും സ്വന്തമാക്കി. മൂന്നാം സെറ്റിലും സ്‌പൈക്കേഴ്‌സിന് തന്നെയായിരുന്നു മുന്‍തൂക്കം. 5-5 വരെ ഒപ്പത്തിനൊപ്പം പോയെങ്കിലും പിന്നിട് സ്‌പൈക്കേഴ്‌സ് 11-6ന് മുന്നിലെത്തി. അതിനു ശേഷം മുംബ ടീമിനെ നിഷ്പ്രഭമാക്കി 15-8ന് മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി.
ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവായിരുന്നു ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. ടോം ജോസഫ്, സിറില്‍ സി. വെള്ളൂര്‍, കെ.സി. ഏലാമ്മ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മറ്റ് ടീമംഗങ്ങളും പോരാട്ടം കാണാനെത്തിയിരുന്നു.
വിനോദ് ദാമോദരന്‍
















