വെല്ലിങ്ടണ്‍: വിജയത്തിന്റെ കൊടുമുടിയില്‍ നിന്ന് തോല്‍വിയുടെ പടുകുഴിയില്‍ അടിതെറ്റി വീണ ഇന്ത്യ, അവസാന ഏകദിനം ജയിച്ച് വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ ഇന്നിറങ്ങുന്നു. ഓസ്‌ട്രേലിയയില്‍ ആരംഭിച്ച സ്വപ്‌നയാത്ര ന്യൂസിലന്‍ഡില്‍ പര്യവസാനിച്ചിട്ടില്ലെന്നു കൂടി തെളിയിക്കേണ്ടതുണ്ട് ഇടക്കാലനായകന്‍ രോഹിത് ശര്‍മയ്‌ക്കും ടീമിനും.
കഴിഞ്ഞ മത്സരത്തില്‍ അമ്പേ പരാജയപ്പെട്ടങ്കിലും നിരാശരല്ല ടീം ഇന്ത്യ. ആദ്യ മൂന്ന് മത്സരങ്ങളിലും വിജയക്കൊടി പാറിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിലേതു പോലെ അവസാന മത്സരത്തിലും വിരാട് കോഹ്‌ലിയുടെ അഭാവം മാത്രമായിരിക്കും ഏക പഴുത്. മധ്യനിരയിലേക്ക് മുന്‍ നായകന്‍ എം.എസ്. ധോണി തിരിച്ചെത്തുമെന്നാണ് സൂചന. സസ്‌പെന്‍ഷനു ശേഷം തിരിച്ചെത്തി മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തുടരാനാണ് സാധ്യത.
അവസാന മത്സരത്തില്‍ കേദാര്‍ ജാദവിനു പകരം രവീന്ദ്ര ജഡേജയ്‌ക്കും അവസരം നല്‍കിയേക്കും. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും സ്ഥിരതയോടെ പന്തെറിയുന്നു. കുല്‍ദീപ് യാദവ്-യുസ്‌വേന്ദ്ര ചാഹല്‍ കൂട്ടുകെട്ട് ഏത് ബാറ്റിങ് നിരയെയും കറക്കിവീഴ്‌ത്താന്‍ പോന്നവര്‍. മറു ഭാഗത്ത് പരിക്ക് മൂലം ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപറ്റില്‍ അവസാന മത്സരത്തിനിറങ്ങില്ലെന്നാണ് സൂചന. കഴിഞ്ഞ മത്സരത്തില്‍ ഉജ്വല ബൗളിങ് പ്രകടനം കാഴ്ചവച്ച ഫാസ്റ്റ് ബൗളര്‍ ട്രന്റ് ബോള്‍ട്ടിലാകും അവസാന മത്സരത്തിലും കിവികളുടെ പ്രതീക്ഷ.
















