ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒആര്‍ഒപി(വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍) എന്നാല്‍ ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക(രാഹുല്‍ മാത്രം, പ്രിയങ്ക മാത്രം) എന്നാണെന്ന് പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കി സൈനികര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണെന്നും ഹിമാചല്‍ പ്രദേശിലെ ഉനയില്‍ നടന്ന ബിജെപി ബൂത്ത് പ്രതിനിധി സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. വോട്ടര്‍മാരില്‍ വലിയ വിഭാഗം സൈനികരുള്ള സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.
കഴിഞ്ഞ എഴുപത് വര്‍ഷമായി ആരും സൈനികരെ ഓര്‍ത്തിട്ടില്ല. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഒആര്‍ഒപി നടപ്പാക്കി, അമിത് ഷാ പറഞ്ഞു. ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍, കേന്ദ്രമന്ത്രി ജെ.പി നദ്ദ, മുന്‍ മുഖ്യമന്ത്രിമാരായ ശാന്തകുമാര്‍, പ്രേംകുമാര്‍ ധുമല്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ സിങ് സാത്തി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
















