പാലക്കാട്: മലമ്പുഴയില്‍ അഞ്ച് പതിറ്റാണ്ടായി ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന യക്ഷി വിണ്ടും കുളിച്ചൊരുങ്ങുന്നു. 51 വര്‍ഷത്തിന് ശേഷം യക്ഷിയുടെ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ തന്നെയാണ് അറ്റകുറ്റപ്പണി നടത്തി അണിയിച്ചൊരുക്കുന്നത്. രണ്ടാഴ്‌ച്ചയോളമാണ് യക്ഷിയുടെ അറ്റകുറ്റപ്പണികള്‍ നടക്കുക. ടൂറിസം, ഇറിഗേഷന്‍, ഡിടിപിസി വകുപ്പുകളുടെ നേതൃത്വത്തിലാണ് പ്രവൃത്തി.
ഇംഗ്ലണ്ടില്‍ നിന്ന് ശില്‍പ്പകലയില്‍ പഠനം പൂര്‍ത്തിയാക്കി എത്തിയ കാനായിയുടെ ഭാവനയില്‍ നിന്ന് ഉയര്‍ന്നുവന്നതാണ് യക്ഷി. 1968ല്‍ യക്ഷിശില്‍പ്പം നിര്‍മിക്കുമ്പോള്‍ നിരവധി എതിര്‍പ്പുകളും ഭീഷണികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഫണ്ടില്ലാത്തതിനാല്‍ ഉദ്യാനത്തിലെ ജോലിക്കാരോടൊപ്പം അവര്‍ക്ക് നല്‍കുന്ന അതേ വേതനം വാങ്ങിയാണ് കാനായി 69ല്‍ ശില്‍പ്പത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. നിര്‍മാണസമയത്ത് പ്രകൃതിയുടെ പുത്രി എന്ന രീതിയില്‍ മലമകള്‍ എന്ന പേരിടാനാണ് ഉദ്ദേശിച്ചിരുന്നത്. പിന്നീടത് പാലക്കാടന്‍ കരിമ്പനകളില്‍ പ്രകൃതിയെ കാക്കുന്ന യക്ഷിയിലേക്ക് മാറി.
ആത്മീയതയാണ് എല്ലാ കലാരൂപത്തിന്റെയും ആത്മാവെന്ന് കാനായി പറഞ്ഞു. ശില്‍പ്പം നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തിയതിനു പിന്നിലൊരു സംഭവം ഉണ്ടായിരുന്നു. പണ്ട് ഡാം നിര്‍മിക്കാനെത്തിയ കോണ്‍ട്രാക്ടര്‍ യക്ഷിയുടെ സ്ഥാനത്തുണ്ടായിരുന്ന ദേവീ വിഗ്രഹം തകര്‍ത്തെറിഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തിന് ഒരുപാട് ദോഷങ്ങളുണ്ടായപ്പോള്‍ പ്രായശ്ചിത്തമെന്നോണം മറ്റൊരു സ്ഥലത്ത് അമ്പലം നിര്‍മിച്ച് നല്‍കി. അന്ന് ആ ദേവി വിഗ്രഹമുണ്ടായിരുന്നിടത്താണ് ഇന്ന് യക്ഷിയുടെ ശില്‍പ്പം. ശില്‍പ്പത്തില്‍ വെങ്കലം പതിക്കണമെന്ന ആഗ്രഹം മന്ത്രി കെ. കൃഷ്ണന്‍കുട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും പദ്ധതി രൂപരേഖ തയാറാക്കിയാല്‍ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞതായും കാനായി പറഞ്ഞു. സ്വദേശമായ കാഞ്ഞങ്ങാടുള്ള നാലേക്കറോളം വരുന്ന സ്ഥലത്ത് സ്വന്തമായൊരു ശില്‍പ്പ ഗ്രാമമെന്നതാണ് കാനായിയുടെ സ്വപ്‌നം.
















