തിരുവനന്തപുരം: ശബരിമലയിലെ വരുമാനക്കുറവ് ദേവസ്വം ബോര്‍ഡിനെ ബാധിച്ചിട്ടില്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. ബജറ്റില്‍ അധികതുക ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തൊട്ടുകളിച്ചാല്‍ അയ്യപ്പന്‍ പൊറുക്കില്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കാലാവധി തീരുംവരെ പ്രസിഡന്റായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് യോഗത്തിന് മുന്‍പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മകുമാര്‍. നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയിലെ വരുമാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 99.02 കോടി രൂപയാണ് കുറഞ്ഞത്. മണ്ഡല കാലത്ത് 62.32 കോടിയും മകരവിളക്കിന് 36.70 കോടിയുമാണ് കുറഞ്ഞത്. കഴിഞ്ഞ മണ്ഡല കാലത്ത് 173.38 കോടി ലഭിച്ചപ്പോള്‍ ഇത്തവണ അത് 111.06 കോടിയായി. ഇതോടെ ഈ സീസണിലെ മൊത്തം കുറവ് 36.27 ശതമാനമായി.
കഴിഞ്ഞ വര്‍ഷം മകരവിളക്ക് സീസണിലെ 18 ദിവസം പിന്നിട്ടപ്പോള്‍ നടവരവായി 99,74,32,408 രൂപ ലഭിച്ചു. ഇക്കുറി 63,00,69,947 രൂപയായി കുറഞ്ഞു. കാണിക്കയില്‍ 7.82 കോടിയും അരവണയില്‍ 6.64 കോടിയും, അപ്പത്തില്‍ 2.15 കോടിയുമാണ് കുറഞ്ഞത്. അതേസമയം സംഭാവനയായി സന്നിധാനത്ത് 3.60 ലക്ഷത്തിന്റെയും മാളികപ്പുറത്ത് 9.94 ലക്ഷത്തിന്റെയും അധികവരുമാനമുണ്ടായി.
















