കോലാലമ്പൂര്‍: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന്റെ കുതിപ്പിന് വിരാമം. മുന്‍ ചാമ്പ്യനായ സൈനയെ സെമിഫൈനലില്‍ നിലവിലെ ഒളിമ്പിക് ജേതാവ് കരോലിന മാരിന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. ഇതോടെ ഈ വര്‍ഷത്തെ ആദ്യ ലോക ടൂര്‍ സൂപ്പര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷ അസ്തമിച്ചു.
നിലവിലെ ലോക ചാമ്പ്യനായ മാരിന്‍ നാല്‍പത് മിനിറ്റില്‍ സൈനയെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-16, 21-13. ആദ്യ ഗെയിമില്‍ സൈന 5-2 ന്റെ ലീഡ് നേടി. എന്നാല്‍ തകര്‍ത്തുകളിച്ച മാരിന്‍ ഒരു ഘട്ടത്തില്‍ 11-9 ന് മുന്നിലെത്തി. ഏഴു പോയിന്റുകള്‍ കൂടി വിട്ട് കൊടുത്ത് 21-16 ന് മാരിന് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ തുടക്കം മുതല്‍ മാരിന്റെ മുന്നേറ്റമായിരുന്നു. ഇടവേളയക്ക് 11- 6 ന് മുന്നിലെത്തിയ മാരിന്‍ ലീഡ് നിലനിര്‍ത്തി. ഒടുവില്‍ 21-13 ന് ഗെയിം നേടി.
മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സൈന സെമിഫൈനലിലെത്തിയത്.
















