നിലയ്‌ക്കല്‍: ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് നീക്കമെന്ന് സൂചന. രേഷ്മ നിശാന്തും ഷാനിലയുമാണ് വീണ്ടും സന്നിധാനത്തെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പുല്ലുമേട് വഴി മല ചവിട്ടാനാണ് നീക്കം. ഇത് സംബന്ധിച്ച് ഇവര്‍ വനംവകുപ്പിനോട് അനുമതി തേടുകയും, വകുപ്പ് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി നിലയ്‌ക്കലെത്തിയ ഇവരെ പോലീസ് ഇന്ന് രാവിലെ മടക്കി അയച്ചിരുന്നു. നാളെ ശബരിമല നട അടയ്‌ക്കാനിരിക്കെ ഏത് വിധേനയും സന്നിധാനത്തെത്താനുള്ള നീക്കത്തിലാണ് യുവതികള്‍. അതേസമയം പമ്പയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ദര്‍ശനത്തിനെത്തിയ ഇവര്‍ക്ക് അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകേണ്ടി വന്നിരുന്നു.
ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ ഉറപ്പിലാണ് യുവതികള്‍ മല കയറാനെത്തിയത്. പക്ഷെ പോലീസ് പതിവ് നാടകം കളിക്കുന്നു. കൂടുതല്‍ യുവതികളുമായി ഇന്ന് മല കയറാന്‍ ശ്രമിക്കുമെന്നും നവോത്ഥാന കേരളം കൂട്ടായ്‌മയുടെ സംഘാടകനായ ശ്രേയസ് പറഞ്ഞു.
















