ന്യൂദല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് ബിജെപി. ബിജെപി എംപി നിഷികാന്ത് ദുബെ ആണ് ശബരിമല വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. പിണറായി സര്‍ക്കാരിനെ പിരിച്ച് വിട്ട് കേരളത്തില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കേരളത്തിലെ സര്‍ക്കാര്‍ ബിജെപിയേയും ആര്‍എസ്‌എസിനേയും വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംപി കെ മുരളീധരന്റെ വീട് ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും നിഷികാന്ത് ദുബെ വ്യക്തമാക്കി. മുരളീധരന്‍ ആക്രമിക്കപ്പെട്ടത് അദ്ദേഹം ബിജെപി പ്രവര്‍ത്തകന്‍ ആയത് കൊണ്ടാണ്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും ആക്രമണം നടക്കുന്നുവെന്നും എംപി അറിയിച്ചു.
സിപിഎം അക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കണമെന്നും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ രാവിലെ ബിജെപി എംപിമാര്‍ പാര്‍ലമെന്‍റിനു പുറത്ത് പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. കേന്ദ്രമന്ത്രിമാരും ധര്‍ണയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
















