തിരുവനന്തപുരം: വിശ്വാസികളെ അവഹേളിക്കുന്ന മുഖ്യമന്ത്രി ലോകചരിത്രത്തില്‍ തന്നെ വേറെ കാണില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും വനവാസി നേതാവുമായ പള്ളിയറ രാമന്‍.
സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരത്തിന്റെ 35-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്റെ നിരാഹാരം ഇന്ന് അഞ്ചാം ദിവസത്തിലേയ്‌ക്ക് കടക്കും.
ശബരിമല വിഷയത്തില്‍ നാമജപം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നു. സര്‍ക്കാര്‍ പോലീസിനെ കൊണ്ട് ശബരിമലയില്‍ താണ്ഡവമാടിക്കുന്നു. വിശ്വാസികളോട് സിപിഎമ്മും സര്‍ക്കാരും വെല്ലുവിളി നടത്തുകയാണ്. അവിശ്വാസികളായ സ്ത്രീകളാണ് ശബരിമലയില്‍ പോകുന്നത്. അതിനെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രോത്സാഹിപ്പിക്കുന്നു.
ശബരിമലയില്‍ സര്‍ക്കാര്‍ ആചാരലംഘനം നടത്തിയതിലൂടെ ഹൈന്ദവ ജനതയുടെ മനസ്സിനെ മുറിവേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തെ തച്ചുടച്ച് നിരീശ്വരവാദികളുടെ സമൂഹം കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ജയസൂര്യന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ ആമുഖ പ്രഭാഷണം നടത്തി. ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. പി.പി. വാവ, സംസ്ഥാന സമിതി അംഗം അശോക് കുമാര്‍, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് തുടങ്ങി വിവിധ സംസ്ഥാന, ജില്ലാ, എന്‍ഡിഎ നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
വയനാട് ജില്ലയില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് ഇന്നലെ പി.എം. വേലായുധന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയത്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഭക്തജനവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നത്.
















