ന്യൂദല്‍ഹി: പന്തളത്ത് അയ്യപ്പഭക്തനെ എറിഞ്ഞുകൊന്നതില്‍ പ്രതിഷേധിച്ച് ദല്‍ഹി കേരളാ ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
പാര്‍ലമെന്റ് സ്ട്രീറ്റില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് രണ്ടിടത്ത് ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ 200 മീറ്റര്‍ അകലെയുള്ള ആദ്യത്തെ നിയന്ത്രണം മറികടന്ന് നിരവധി പ്രവര്‍ത്തകര്‍ മുന്നോട്ടുപോയി. ഏതാനും ബാരിക്കേഡുകളും മറിച്ചിട്ടു. പോലീസുമായി ഏറെനേരം ഉന്തും തള്ളുമുണ്ടായി.
സ്ത്രീകളടക്കം നൂറ് കണക്കിനാളുകള്‍ പ്രതിഷേധത്തില്‍ അണിനിരന്നു. കേരളത്തിലെ ഭരണകൂടത്തിന്റെ ഹിന്ദുവേട്ട അവസാനിപ്പിക്കുക, സിപിഎം കൊലക്കത്തി താഴെയിടുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. സിപിഎം അക്രമം തുടര്‍ന്നാല്‍ ദല്‍ഹിയിലടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുവമോര്‍ച്ച അധ്യക്ഷന്‍ സുനില്‍ യാദവ് പറഞ്ഞു. ജനറല്‍ സെക്രട്ടറിമാരായ കുല്‍ദീപ് ചെഹല്‍, രാജീവ് ഭാട്ടിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഏതാനും ദിവസം മുന്‍പ് അയ്യപ്പ വിശ്വാസികളും കേരളാ ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
















