മൂന്നാര്‍: കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ അറുപതാം ബ്ലോക്കില്‍പ്പെട്ട മേഖലകളില്‍ നടന്ന തണ്ടപ്പേര്‍ സംബന്ധിച്ച ആദ്യഘട്ട പരിശോധനയില്‍ ഭൂരിഭാഗം പേര്‍ക്കും വ്യക്തമായ രേഖകളില്ലെന്ന് കണ്ടെത്തല്‍. കുറിഞ്ഞി ഉദ്യാന പരിധിയില്‍ വരുന്ന ഇവിടെ ആദ്യഘട്ടമായി 5-10 സെന്റ് വരെ സ്ഥലമുള്ള 120 പേരെയാണ് ഹിയറിങ്ങിനായി വിളിച്ചത്. കനത്ത പോലീസ് കാവലില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ.ടി. ജയിംസ് നേരിട്ടെത്തിയാണ് രേഖകള്‍ പരിശോധിച്ചത്.
രണ്ട് ദിവസമായി നടന്ന പരിശോധനയില്‍ 80 പേര്‍ ഹാജരായി. ഇതില്‍ 40 പേരുടെ രേഖകള്‍ കൃത്യമാണ്. ബാക്കി 40 പേരുടെ കൈവശം ഒരു രേഖകളുമില്ല. അവശേഷിച്ച 40 പേര്‍ സിപിഎം-സിപിഐ നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹാജരായില്ല. ഇവരുടെ കൈവശവും യാതൊരു രേഖകളില്ലെന്നാണ് വിവരം.
നാല് പേരുടെ രേഖകള്‍ പരിശോധിച്ച് തീര്‍പ്പാക്കി കരം അടയ്‌ക്കാനും അനുവദിച്ചു. ബാക്കിയുള്ളതും ഉടന്‍ തീര്‍പ്പാക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഭൂമി കൂടുതല്‍ കൈവശം വച്ചിരിക്കുന്ന മുന്നൂറോളം പേര്‍ക്ക് കൂടി ഉടന്‍തന്നെ പരിശോധനയ്‌ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കാനാണ് നീക്കം. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.
വട്ടവട, കൊട്ടാക്കമ്പൂര്‍ അടക്കമുള്ള മേഖലകളില്‍ താമസിക്കുന്ന കര്‍ഷകരുടെ കൈയില്‍ ഭൂമി സംബന്ധമായ കൃത്യമായ രേഖകള്‍ ഇല്ലെന്നും, ഇതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്ന് കൈവശരേഖ നല്‍കുന്നതും കരമടയ്‌ക്കുന്നതടക്കമുള്ള നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍പ്പെട്ട മേഖലകളില്‍ വ്യാപകമായി കൈയേറ്റം നടന്നതായി ഇതോടെ കൂടുതല്‍ വ്യക്തമാകുകയാണ്.
















