കോഴിക്കോട്: കണ്ണൂരില്‍ അക്രമ പരമ്പരകള്‍ക്കു തുടക്കമിട്ടത് സിപിഎം നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സിപിഎം ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഹിന്ദു വേട്ടയാണ് നടത്തുന്നത്. എസ്ഡിപിഐയും, സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരെ അക്രമം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂരില്‍ അക്രമപമ്പരയ്‌ക്കു തുടക്കമിട്ടത് സിപിഎം നേതൃത്വമാണ്. ബിജെപി ജില്ലാസെക്രട്ടറിയും മുന്‍ തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ഹരിദാസിന്റെ വീട് ഒരു പ്രകോപനവുമില്ലാതെയാണ് സിപിഎം ക്രിമിനലുകള്‍ അക്രമിച്ച് നിശ്ശേഷം തകര്‍ത്തത്. ഭാര്യക്കും മകള്‍ക്കും പരിക്കുമുണ്ട്. രാജ്യസഭാംഗം വി. മുരളീധരന്റെ വീടിനുനേരെ ബോംബെറിഞ്ഞു. വന്ദ്യവയോധികനും രോഗിയുമായ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്റെ വീട് പൂര്‍ണ്ണമായും ബോംബെറിഞ്ഞു തകര്‍ത്തു. അദ്ദേഹം പരിക്കുപറ്റി ആശുപത്രിയിലാണ്. അക്രമപരമ്പര തുടരുകയാണ്. നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.
നിരവധി വീടുകളും പാര്‍ട്ടി ഓഫീസുകളും വീടുകളും തകര്‍ത്തു. പലയിടത്തും എസ്ഡിപിഐ പ്രവര്‍ത്തകരും സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുവേട്ട നടത്തുകയാണ്. അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം. പതിനായിരക്കണക്കിന് ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ ഡി. ജി. പി എല്ലാ പൊലീസ് മേധാവികള്‍ക്കും ഉത്തരവ് നല്‍കിയിരിക്കുകയാണ്.
പോലീസ് പലയിടത്തും സിപിഎം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. പ്രതിഷേധക്കാരെ അടിച്ചൊതുക്കി ശബരിമല തകര്‍ക്കുക എന്നതാണ് പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. ഈ നീക്കം ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.

















