തിരുവനന്തപുരം: ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും സിപിഎം സംഘടിപ്പിച്ച വനിതാ മതില്‍ വമ്പിച്ച പരാജയമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ഏറെ കൊട്ടിഘോഷിച്ച വനിതാ മതില്‍ പൊതുസമൂഹത്തില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ചലനം സൃഷ്ടിക്കാത്ത ഒരു മൂന്നാംകിട പാര്‍ട്ടി പരിപാടിയായി അധഃപതിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ശുഷ്‌കമായ പങ്കാളിത്തമാണ് മതിലിലുണ്ടായത്. കേരളത്തിലുടനീളം ഇടയ്‌ക്കിടെ നീണ്ട വിടവുകളുള്ള വനിതാ മതിലാണ് ദൃശ്യമായത്.
കേരളത്തിലെ ഇടത് മുന്നണിയുടെ വനിതാ മതില്‍ ഓര്‍മിപ്പിക്കുന്നത് 1989ല്‍ അന്നത്തെ സോവിയറ്റ് യൂണിയനില്‍ സംഘടിപ്പിച്ച ‘ബാള്‍ട്ടിക്ക് ചെയ്നി’നെ ആണ്. സോവിയറ്റ് യൂണിയനിലെ മൂന്ന് പ്രവിശ്യകളെ കോര്‍ത്തിണക്കിക്കൊണ്ട് 675 കി.ലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണിതീര്‍ത്ത ‘ബാള്‍ട്ടിക്ക് ചെയ്ന്‍’ എന്ന മനുഷ്യശൃംഖല സോവിയറ്റ് യൂണിയന്റെയും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തകര്‍ച്ചയിലാണ് കലാശിച്ചത്.
കേരളത്തിലും വനിതാ മതില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെയും സിപിഎമ്മിന്റെയും അന്ത്യം അടുത്തിരിക്കുന്നെന്ന സൂചനയാണ് നല്‍കുന്നത്. വിഭാഗീയതയുടെയും വര്‍ഗീയതയുടെയും ഈ ദുരന്തമതില്‍ പിണറായി സര്‍ക്കാരിന്റെ മരണമണിയാണ് മുഴക്കുന്നത്. കേരളം ഭരിച്ച അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതിയാവും പിണറായി വിജയന്‍ നേടുക, അദ്ദേഹം പറഞ്ഞു.
















