കൊച്ചി: കമ്യൂണിസ്റ്റുകാരനായ തന്റെ പ്രിയ സഖാവിനെ മുസ്ലിം മതതീവ്രവാദികള്‍ കുത്തിക്കൊലപ്പെടുത്തിയിട്ട് സ്വന്തം പാര്‍ട്ടി അവരുമായി ഒത്തുതീര്‍പ്പിന് വഴങ്ങിയതില്‍ വേദനിച്ചാണ് സിപിഎമ്മിന്റെ എക്കാലത്തെയും വിപ്ലവ മുഖമായ സൈമണ്‍ ബ്രിട്ടോ വിടവാങ്ങിയത്.
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കുത്തിയവനുള്‍പ്പെടെ ഏഴ് പ്രതികളെ മാസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് പിടികൂടാനായിട്ടില്ല. പാര്‍ട്ടി ഭരണത്തില്‍ ഉണ്ടായിട്ടും അഭിമന്യുവിന്റെ ഘാതകരെ പിടികൂടുന്നതില്‍ പോലീസ് കാണിച്ച അലംഭാവത്തിനെതിരെ ബ്രിട്ടോ ഒരിക്കല്‍ പൊട്ടിത്തെറിച്ചു.
സംഭവം നടക്കുമ്പോള്‍ അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ പിടിച്ചുകൊടുത്തവരല്ലാതെ പോലീസ് ആരെയാണ് പിടിച്ചെതെന്നാണ് അന്ന് ബ്രിട്ടോ തുറന്നടിച്ചത്. അഭിമന്യുവിന്റെ കൊലപാതകം കേരളീയ പൊതുസമൂഹം വലിയ വിഷയമായി എടുത്തിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് മന്ദഗതിയായിരുന്നു.
ചക്രക്കസേരയിലിരുന്ന് ബ്രിട്ടോ നടത്തിയ ഇന്ത്യാ പര്യടനത്തിന്റെ യാത്രാ വിവരണം കേട്ടെഴുതാനായി അഭിമന്യു വന്നതോടെയാണ് ബ്രിട്ടോയും അഭിമന്യുവും തമ്മിലുള്ള വൈകാരിക ആ ബന്ധം ദൃഢമായത്. ”വെള്ളിയാഴ്ച വന്നാല്‍ തിങ്കളാഴ്ച കോളേജിലേയ്‌ക്ക് മടങ്ങുമ്പോള്‍ ഭാര്യ സീന കെട്ടിക്കൊടുക്കുന്ന പൊതിച്ചോറുമായാണ് അവന്‍ കോളേജിലേക്കു പോയിരുന്നത്,” ബ്രിട്ടോയുടെ ഈ വാക്കുകളില്‍ വ്യക്തമാകുന്നതാണ് ബ്രിട്ടോയും അഭിമന്യുവും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം. ഒരിക്കല്‍ ബ്രിട്ടോ പറഞ്ഞതാണ്, ”എടാ നീ അഭിമന്യുവാണ്. ചക്രവ്യൂഹം ഭേദിക്കാന്‍ നിനക്ക് പറ്റും. തിരിച്ച് പുറത്തിറങ്ങാന്‍ നിനക്ക് പറ്റില്ല. സൂക്ഷിക്കണം,” എന്ന്.
നാല് വോട്ടിന് വേണ്ടി പാര്‍ട്ടി നടത്തുന്ന ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കണ്ട് ജീവിതം തളര്‍ന്ന ശരീരത്തില്‍ തളരാത്ത പേരാട്ടവീര്യവുമായി സൈമണ്‍ ബ്രിട്ടോ വിട പറഞ്ഞത്.
















