കോഴിക്കോട്: വിശ്വാസ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് എഴുത്തുകാരന്‍ ടി.പി. രാജീവന്‍. കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയത്തിലേക്ക് നടന്ന വഴികള്‍ എന്ന സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്യന്‍ ഏകതയുടെ പ്രതീകമായ ഏകവിളത്തോട്ടമല്ല സാംസ്‌കാരിക വൈവിധ്യമാണ് പുലരേണ്ടത്. ഒരു നേതാവും നിറവും കൊടിയും എന്ന പ്രത്യയശാസ്ത്രത്തിനെതിരെ നിലപാടെടുക്കേണ്ട സമയമാണിത്. വിശ്വാസമാണ് എല്ലാത്തിന്റെയും കേന്ദ്രം. വിശ്വാസം നഷ്ടപ്പെട്ട ജനതയെ എളുപ്പത്തില്‍ കീഴടക്കാനാവും. വിശ്വാസരഹിത സമൂഹം ദുരന്തങ്ങള്‍ ഏറ്റുവാങ്ങും. അനാഥത്വവും അരാജക ബാല്യങ്ങളുമുണ്ടാകും. എല്ലാം തകര്‍ക്കുകയെന്ന അരാജകത്വ ചിന്തയ്‌ക്കു പിന്നില്‍ അന്തര്‍ദേശീയ അജണ്ടയുണ്ട്. വൈദേശികാധിപത്യത്തിനും കമ്പോള ശക്തികള്‍ക്ക് കടന്നുവരാനുള്ള വഴിയും അത് തെളിക്കും.
വിശ്വാസ സംരക്ഷണം ജനാധിപത്യത്തെ കാത്തു രക്ഷിക്കാനുള്ള മാര്‍ഗം കൂടിയാണ്. സനാതന മൂല്യങ്ങളെയും വിശ്വാസ വൈവിധ്യങ്ങളെയും സംരക്ഷിക്കണം. അണികളെ സൃഷ്ടിക്കാന്‍ മനുഷ്യനെ നശിപ്പിക്കുന്ന പ്രത്യയശാസ്ത്രമല്ല വേണ്ടത്. കേരളത്തില്‍ മതിലുകള്‍ ഉയരേണ്ടത് പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടിയായിരുന്നു. കപട നാടകങ്ങള്‍ കളിക്കുന്ന ഭരണകൂടത്തിനെതിരെ ഇത്തരം പ്രതിഷേധമുയരുന്നത് സന്തോഷകരമാണ്, അദ്ദേഹം പറഞ്ഞു. അഡ്വ. ഇ.കെ. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. നവോത്ഥാന നായകന്മാരുടെയും എഴുത്തുകാരുടെയും പിന്‍തലമുറക്കാര്‍ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി. ആര്‍. നാഥന്‍, ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു എന്നിവര്‍ സംസാരിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ പി.സി. കൃഷ്ണവര്‍മ്മരാജ, നവോത്ഥാന നായകന്മാരുടെ പുതിയ തലമുറയെ ആദരിച്ചു.
കുരുക്ഷേത്ര പ്രസിദ്ധീകരിച്ച ശബരിമല ആചാരവും വിചാരവും എന്ന ഗ്രന്ഥം ചടങ്ങില്‍ പ്രകാശനം ചെയ്തു. ഷാബു പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. ഉണ്ണികൃഷ്ണന്‍ കോലേരി സ്വാഗതവും ടി. സുധീഷ് നന്ദിയും പറഞ്ഞു.
















