ആലപ്പുഴ: ഇന്ന് സംഘടിപ്പിക്കുന്ന വനിതാ മതിലിനായി പണിയെടുത്ത സമുദായ സംഘടനകളെ കാഴ്ചക്കാരാക്കി സമ്പൂര്‍ണ നിയന്ത്രണം സിപിഎം പിടിച്ചെടുത്തു. സ്വന്തം സമുദായാംഗങ്ങളുടെ പോലും എതിര്‍പ്പുകളെ മറികടന്ന് മതിലിനായി പ്രവര്‍ത്തിച്ച സമുദായ നേതാക്കള്‍ ഇതോടെ വെട്ടിലായി.
ഇടതുമുന്നണിയിലും മതിലുമായി ബന്ധപ്പെട്ട് അസംതൃപ്തി വ്യാപകമാണ്. ഘടകകക്ഷിയായ സിപിഐക്ക് പോലും മതില്‍ സംഘാടനത്തില്‍ കാര്യമായ പങ്കാളിത്തം അനുവദിക്കാന്‍ സിപിഎം തയാറായിട്ടില്ല.
മതിലിന്റെ സംഘാടകരായ നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ഭാരവാഹികളായി സമുദായ സംഘടനാ നേതാക്കളെ നിയോഗിച്ചെങ്കിലും കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് സിപിഎമ്മാണ്. അതാത് ജില്ലകളില്‍ ദേശീയ പാതകളില്‍ ഏതൊക്കെ ഭാഗത്ത്, എവിടെ നിന്നുള്ളവര്‍ അണിനിരക്കണമെന്നും എത്രദൂരത്തില്‍ നില്‍ക്കണമെന്നും ഉള്‍പ്പെടെയുള്ള മതിലിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിന്റെ ജില്ലാ ഓഫീസുകളിലാണ് തീരുമാനിച്ചത്. സിപിഎം ഓഫീസുകളില്‍ നിന്ന് ഇതുസംബന്ധിച്ച് എടുത്ത തീരുമാനങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ ഒപ്പിട്ട് പിആര്‍ഡി മുഖേന മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
മതിലിന്റെ പ്രചാരണത്തിനും, ആളെക്കൂട്ടാനും സര്‍ക്കാരിന്റെയും സമുദായ സംഘടനകളുടെയും സൗകര്യങ്ങള്‍ ഉപയോഗിക്കുകയും തീരുമാനങ്ങളെല്ലാം സിപിഎം എടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്്. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, സമുദായ സംഘടനാ നേതാക്കളും അസംതൃപ്തരാണ്. സിപിഎമ്മിന്റെ വെള്ളംകോരികളും, വിറക് വെട്ടികളുമായി പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണെന്നാണ് വിവിധ സമുദായ സംഘടനകളുടെ താലൂക്ക് യൂണിയന്‍ നേതാക്കള്‍ പറയുന്നത്.
തങ്ങളുടെ പ്രമുഖ നേതാക്കള്‍ എവിടെയൊക്കെ പങ്കാളികളാകണമെന്നും, സമ്മേളനങ്ങളില്‍ പങ്കെടുക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം പോലും സിപിഎം കൈയടക്കിയെന്നും സമുദായ നേതൃത്വങ്ങള്‍ കുറ്റപ്പെടുത്തുന്നു.
ചെറിയ സമുദായ സംഘടനകളും അസംതൃപ്തരാണ്. സര്‍ക്കാരും, ജില്ലാഭരണകൂടങ്ങളും വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. സിപിഎം നേതാക്കളും, ഉദ്യോഗസ്ഥരും തീരുമാനങ്ങള്‍ പറയും, തങ്ങളെ വെറും കേള്‍വിക്കാരായി മാറ്റിയെന്നും, അവര്‍ പറയുന്നു. മതിലിലൂടെ സമുദായ നേതാക്കളെ തങ്ങളുടെ വരുതിക്ക് കൊണ്ടു വരാനും, ഹൈന്ദവ സമുദായസംഘടനകളില്‍ വിള്ളല്‍ വീഴ്‌ത്താനും സാധിച്ചു എന്നതാണ് സിപിഎമ്മിന്റെ നേട്ടം.
















