തിരുവനന്തപുരം: അയ്യപ്പ ഭക്തന്മാരെ വേട്ടയാടുന്ന സര്‍ക്കാരിന്റെ നടപടികളില്‍ മനംനൊന്ത് ആത്മാഹുതി ചെയ്ത കൊയിലാണ്ടിയിലെ ഗുരുസ്വാമി രാമകൃഷ്ണന്‍, തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായര്‍, ദുരൂഹ സാഹചര്യത്തില്‍ മരിച്ച പന്തളത്തെ ശിവദാസന്‍ സ്വാമി എന്നിവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി സേവ് ശബരിമല യൂഎസ്എ.
സുപ്രീംകോടതി വിധിയെ നിയമപരമായി അതിജീവിക്കുവാനും കേരളത്തിലെ വിശ്വാസ സംരക്ഷണ യജ്ഞങ്ങളെ ധാര്‍മികമായി പിന്തുണക്കുവാനുമായി രൂപം കൊണ്ട കര്‍മ സമിതിയാണ് സേവ് ശബരിമല യൂഎസ്എ. ശബരിമല ആചാരസംരക്ഷണത്തിനായി രൂപംകൊണ്ട അമൃതാനന്ദമയി ദേവിയുടെ രക്ഷാധികാര്യസ്ഥതയിലുള്ള ദേശിയ കര്‍മസമിതിയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം.
കൂട്ടായ്‌മയുടെ ശില്പികളിലൊരാളും, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റുമായ ഡോ. രാമദാസ് പിള്ള തിരുവനന്തപുരത്തു വേണുഗോപാലന്‍ നായരുടെ മാതാവിനുള്ള ധനസഹായം അവരുടെ ഭവനത്തിലെത്തി കൈമാറി. മറ്റു രണ്ടുപേരുടെയും അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ക്കും സഹായം നേരിട്ട് എത്തിക്കുമെന്ന് രാമദാസ് പിള്ള അറിയിച്ചു. കര്‍മ സമിതി ഭാരവാഹികളായ എ.ആര്‍. മോഹനന്‍, പി ഗീരീഷ്, പി. രാജശേഖരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
















