ഈ വിജയം അവസാനമല്ല, ആരംഭമാണ്. വിജയം ശീലമാക്കാനാകും ഞങ്ങളുടെ ഇനിയുള്ള ശ്രമം. സിഡ്‌നിയില്‍ മികച്ച പ്രകടനത്തിനുള്ള ആത്മവിശ്വാസമാണിത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയതു കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. സിഡ്‌നി ടെസ്റ്റും വിജയിക്കുകയാണ് ലക്ഷ്യം. നാലാം ടെസ്റ്റിന് ഒരുങ്ങിക്കഴിഞ്ഞ അവസ്ഥയിലാണ് കളിക്കാരെല്ലാം.
ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രത്യേകിച്ച് ജസ്പ്രീത് ബുംറ. ഒരു വര്‍ഷം ഏറ്റവും അധികം വിക്കറ്റുകള്‍ വീഴ്‌ത്തുന്ന ഫാസ്റ്റ്ബൗളിങ് ത്രയമായി ബുംറയും ഇഷാന്തും ഷമിയും. അഭിമാനാര്‍ഹമായ നേട്ടമാണിത്. പെര്‍ത്തില്‍ ബുംറയ്‌ക്കു വിക്കറ്റുകള്‍ കിട്ടിയില്ല. ഇവിടെ കളി ജയിപ്പിച്ചിരിക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റിലെ ബുംറയുടെ വളര്‍ച്ച, ചുരുങ്ങിയ കാലത്തെ കരിയറില്‍ അവന്‍ കാഴ്ചവച്ച ബൗളിങ് മികവ്, ടെസ്റ്റ് ക്രിക്കറ്റിനിറങ്ങുന്ന ഓരോ ബാറ്റ്‌സ്മാനെയും ഇന്ന് ഭയപ്പെടുത്തുന്നു.
പെര്‍ത്തിലേതു പോലൊരു പിച്ചിലാണെങ്കില്‍ ഒരിക്കലും ബുംറയെ നേരിടാന്‍ ഞാന്‍ ആഗ്രഹിക്കില്ല. മറ്റു ബൗളര്‍മാരില്‍ നിന്ന് ഏറെ വ്യത്യസ്തത നിറഞ്ഞ ബൗളിങ് ശൈലിയാണ് ബുംറയുടേത്. അത് അവനെതിരെ നില്‍ക്കുന്ന ബാറ്റ്‌സ്മാനെക്കാള്‍ നന്നായി അറിയുന്നതും അവനു തന്നെ. അതു തന്നെയാണവന്റെ ആത്മവിശ്വാസവും.
ഒരു പിച്ചു കണ്ടാല്‍ വിക്കറ്റെടുക്കാന്‍ പ്രയാസമാണല്ലോ എന്നു ചിന്തിക്കാതെ, എങ്ങനെ നിര്‍ണായകമായ ഒരു വിക്കറ്റ് ടീമിന് സമ്മാനിക്കാം എന്നായിരിക്കും അവന്റെ മനസ്സില്‍. ഈ ചിന്താരീതിയാണ് ബുംറയെ മറ്റു ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അവന്റെ വിജയ രഹസ്യവും ഇതു തന്നെ.
















