കൊട്ടിയൂര്‍(കണ്ണൂര്‍): കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ തോക്കേന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. പോലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീര്‍ത്തി എന്ന കവിത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങി വന്ന സംഘത്തില്‍ ഒരു സ്ത്രീ അടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തത്.
നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയില്‍ ആയുധധാരികളായ ഒമ്പതംഗ മാവോവാദി സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു. പോസ്റ്ററുകള്‍ പതിച്ചതിനൊപ്പം ഇവര്‍ ലഘുലേഖകള്‍ പ്രദേശവാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
















