മെല്‍ബണ്‍: മണിക്കൂറില്‍ 113 കിലോമീറ്റര്‍ മാത്രം വേഗത്തില്‍ വന്ന ആ യോര്‍ക്കറിനെ വാഴ്‌ത്തുകയാണ് ക്രിക്കറ്റ് ലോകം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ്.
ജസ്പ്രീത് ബുംറയുടെ വേഗമുള്ള പന്തുകളെ നേരിടുകയാണ് ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷ്. മിക്ക പന്തുകള്‍ക്കും മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗം. യോര്‍ക്കറുകളും പരീക്ഷിക്കുന്നുണ്ട് ബുംറ.
ഇന്നിങ്‌സിലെ മുപ്പത്തിമൂന്നാമത്തെ ഓവറിലെ അവസാന പന്തില്‍ മാര്‍ഷ് മാത്രമല്ല, ക്രിക്കറ്റ് ലോകമാകെ പകച്ചു പോയി. ഏകദിനങ്ങളിലും ട്വന്റി 20യിലും പ്രയോഗിക്കാറുള്ള സ്ലോ ബോളിന്റെ മനോഹരമായ ആവിഷ്‌കാരമാണ് ബുംറ കാഴ്ചവെച്ചത്. മണിക്കൂറില്‍ 113 കിലോമീറ്ററിലേക്ക് അപ്രതീക്ഷിതമായി വേഗം കുറച്ച് ഒരു യോര്‍ക്കര്‍. നേരേ പതിച്ചത് മാര്‍ഷിന്റെ പാഡില്‍. റിവ്യൂവിനു പോലും മുതിര്‍ന്നില്ല. മിഡില്‍ സ്റ്റംപ് തെറിക്കുമെന്നുറപ്പായിരുന്നു.
അമ്പതു പന്തുകള്‍ ക്ഷമാപൂര്‍വം നേരിട്ടിരുന്നു മാര്‍ഷ്. പക്ഷേ, ഉച്ചഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടുമുമ്പുള്ള പന്തില്‍ ബുംറ ആ മാജിക് ഒളിപ്പിച്ചു വച്ചിരുന്നു. ആ എല്‍ബി വിശ്വസിക്കാനാവാതെ മാര്‍ഷ് ക്രീസില്‍ നിന്നു അല്‍പ്പനേരം.
വിക്കറ്റ് വീഴ്ചയില്‍ ഏറ്റവും ആഹ്ലാദിച്ചത് രോഹിത് ശര്‍മയായിരുന്നു എന്നതാണ് ക്ലൈമാക്‌സ്. ഓവര്‍ എറിയാനെത്തുമ്പോള്‍ സ്ലോബോള്‍ പരീക്ഷിക്കാന്‍ ബുംറയോടു പറഞ്ഞത് രോഹിത്താണ്. ഏകദിനത്തിലേതു പോലെ ഓവറിലെ അവസാന പന്ത് സ്ലോബോള്‍ എറിഞ്ഞുകൂടേ എന്നാണ് ഐപിഎല്ലില്‍ ബുംറയുടെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ചോദിച്ചത്. രോഹിത്തിനെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് ബുംറ ആ സ്ലോബോള്‍ എറിഞ്ഞത്.
















