തിരുവനന്തപുരം: കഴിഞ്ഞ ഏതാനും മാസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുകി എത്തിയവരുടെ നേതൃസംഗമം വെള്ളിയാഴ്ച നടക്കും.ബിജെപിയിലേക്ക് എത്തിയവരുടെ എണ്ണം 18,600 ആയെന്ന് സംസ്ഥാന പ്രസിഡന്റ് ശ്രിധരന്‍പിള്ള അറിയിച്ചു.
രാവിലെ പത്തരമണിക്ക് തിരുവനന്തപുരം കോട്ടയ്‌ക്കകം പ്രിയദര്‍ശിനി ഹാളിലാണ് സംഗമം നടക്കുക. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ബിജെപി നവാഗത നേതൃസംഗമം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ സെക്രട്ടറി എച്ച്.രാജാ സംബന്ധിക്കും. ഇതര പാര്‍ട്ടികളില്‍ നിന്നും എത്തിയ ഉന്നത നേതാക്കളെ സമ്മേളനത്തില്‍ ആദരിക്കും.
കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികളില്‍ പ്രദേശികതലം മുതല്‍ സംസ്ഥാനതലം വരെ ചുമതല വഹിച്ചുവന്നിരുന്നവരാണ് ഇവരില്‍ നല്ലൊരു ഭാഗം. കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയിരുന്ന മൂന്ന് പേര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. സിപിഎം, സിപിഐ കക്ഷികളില്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായിരുന്ന 14 പേര്‍ ബിജെപിയില്‍ പുതിയതായി അംഗങ്ങളായിട്ടുണ്ട്. സിഐടിയു നിര്‍മ്മാണ യൂണിയന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ബിജെപി അംഗത്വം നേടിയിട്ടുണ്ട്.
കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന പ്രസിഡന്റ്, ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, സിപിഎം കര്‍ഷക സംഘം ജില്ലാ നേതാക്കള്‍, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സേവാദള്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നവരും ബിജെപി അംഗങ്ങളായി.
















