ന്യൂദല്‍ഹി: മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷാവശ്യം സ്പീക്കര്‍ തള്ളി. ബില്‍ ഏതെങ്കിലും സമൂഹത്തിനോ മതത്തിനോ എതിരല്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ബില്ല് ഏതെങ്കിലും സമൂഹത്തിനോ മതത്തിനോ എതിരല്ല. അത് നീതിക്കും സ്ത്രീസമത്വത്തിനും വേണ്ടിയുള്ളതാണ്. രാജ്യമെങ്ങും മുത്തലാഖുകള്‍ നടക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഓര്‍ഡിനന്‍സ് പാസ്സാക്കിയത്. ആരെയെങ്കിലും ബലിയാടാക്കാനല്ല ഞങ്ങളുടെ ശ്രമം. ഇത് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെ എതിര്‍ത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും സിവില്‍ നിയമം ക്രിമിനലൈസ് ചെയ്യുന്നതിനോട് ഒട്ടും യോജിക്കാനാകില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ബില്ലിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിന് രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്താലും ബില്ലിനെ കോണ്‍ഗ്രസ് ഇന്നത്തെ നിലയ്‌ക്ക് പിന്തുണയ്‌ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. സഭയില്‍ എന്‍ഡിഎയ്‌ക്കാണ് ഭൂരിപക്ഷം.
















