മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും കൂട്ടരും. ജയിച്ചാല്‍ ഓസീസിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാം. നാളെ മെല്‍ബണിലെ ജീവനുള്ള പിച്ചില്‍ ഇന്ത്യ- ഓസീസ് മൂന്നാം ടെസ്റ്റിന് തുടക്കം കുറിക്കും.
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ വിജയം കൈപ്പിടയിലൊതുക്കി നേടിയ മേല്‍ക്കൈ പെര്‍ത്തിലെ വിവാദ പിച്ചില്‍ തകര്‍ന്നതോടെ ഇന്ത്യക്ക് നഷ്ടമായി. പേസിനെ തുണയ്‌ക്കുമെന്ന വിലയിരുത്തപ്പെട്ട പെര്‍ത്തിലെ പിച്ചില്‍ സ്പിന്നറുടെ മികവിലാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ കൂടാതെ കളിക്കാനിറങ്ങിയത് ഇന്ത്യക്ക്് വിനയായി. പരമ്പരയില്‍ ഇരു ടീമുകളും നിലവില്‍ ഒപ്പത്തിനൊപ്പമാണ് 1-1.
രണ്ടാം ടെസ്റ്റിലെ പിഴവുകള്‍ തിരുത്തിയാണ് ഇന്ത്യ മെല്‍ബണിലെ ജീവനുള്ള പിച്ചില്‍ കളിക്കാനിറങ്ങുക. ആദ്യ പേസിനെയും പിന്നീട് സ്പിന്നിനെയും തുണയ്‌ക്കുമെന്ന് ക്യൂറേറ്റര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പരിക്കില്‍ നിന്ന് മോചിതനായ രവീന്ദ്ര ജഡേജ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അവസാന ഇലവനില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. ടെസ്റ്റിന് രണ്ട് നാള്‍ മുമ്പേ പ്രഖ്യാപിച്ച പതിമൂന്നംഗ ഇന്ത്യന്‍ ടീമില്‍ ജഡേജയുണ്ട്.
ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും മുരളി വിജയും ഫോമിലേക്കുയരാത്തത് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. ആദ്യ രണ്ട് ടെസ്്റ്റിലും ഇവര്‍ പരാജയമായിരുന്നു. ഈ വര്‍ഷം ഇവര്‍ 26 ഇന്നിങ്ങ്‌സിലായി നേടിയത് 543 റണ്‍സ് മാത്രം. 20.88 ശതമാനമാണ് ശരാശരി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണിത്.
ഓപ്പണിങ്ങ് മെച്ചപ്പെട്ടാലേ മെല്‍ബണില്‍ ഇന്ത്യക്ക് വിജയത്തിലേക്ക് നീങ്ങാനാകൂ. ഇന്ത്യ ചിലപ്പോള്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തിയേക്കും. പരിക്കേറ്റ പൃഥ്വി ഷായ്‌ക്ക് പകരം ടീമിലെത്തിയ മായങ്ക് അഗര്‍വാളിനെ ഓപ്പണറായി പരീക്ഷിച്ചേക്കും.
ഇന്ത്യയുടെ ബൗളിങ്ങ് നിര ഫോമിലാണ്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരൊക്കെ തകര്‍ത്തെറിയുന്നുണ്ട്. ബാറ്റിങ്ങ് നിരയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഓസീസ് വീഴും. ആദ്യ ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയും രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിയും മാത്രമാണ് ബാറ്റ്‌കൊണ്ട് ഇന്ദ്രജാലം കാട്ടിയത്. രഹാനെയും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവരൊക്കെ പരാജയമായിരുന്നു.
രണ്ടാം ടെസ്റ്റില്‍ വിജയിച്ചതിന്റെ ആത്മബലത്തിലാണ് ഓസീസ് നാളെ മത്സരിക്കാനിറങ്ങുക. ഒട്ടേറെ തവണ ഹൃദയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ഏഴു വയസുകാരന്‍ ആര്‍ച്ചി ഷില്ലറാണ് ഓസീസ് ടീമിലെ ആകര്‍ഷണം. ക്രിക്കറ്റ് പ്രേമിയായ ഷില്ലാര്‍ ടീമിന്റെ സഹ ക്യാപ്റ്റനായിരിക്കും.
ഇന്ത്യയുടെതുപോലെ ഓസീസിന്റെ ബാറ്റിങ്ങ് നിരയും ശക്തമല്ല. ആരോണ്‍ ഫിഞ്ച്, ക്യാപ്റ്റന്‍ ടിം പെയ്ന്‍, ഷോണ്‍ മാര്‍ഷ്, ഖ്വാജ തുടങ്ങിയവരാണ് ബാറ്റിങ്ങിലെ പ്രതീക്ഷകള്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ് എന്നിവര്‍ അണിനിരക്കുന്ന ബൗളിങ്ങ്‌നിര ബാറ്റിങ്ങ്‌നിരയെക്കാള്‍ ശക്തമാണ്. പെര്‍ത്തില്‍ വിജയമൊരുക്കിയ ലിയോണാണ് സ്പിന്‍ ശക്തി.
മെല്‍ബണില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ചരിത്ര നേട്ടം സ്വന്തമാകും. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 150-ാം വിജയമെന്ന അസുലഭ നേട്ടമാണ് ഇന്ത്യക്ക് സ്വന്തമാകുക. ഓസ്‌ട്രേലിയ (384), ഇംഗ്ലണ്ട് (364), വിന്‍ഡീസ്(171), ദക്ഷിണാഫ്രിക്ക (161) എന്നിവയാണ് നേരത്തെ ഈ നേട്ടം കരസ്ഥമാക്കിയ ടീമുകള്‍.
വിജയം ഓസീസിനാണെങ്കിലും അത് ചരിത്രമാകും. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ ഓസീസിന് ആയിരം വിജയങ്ങള്‍ പൂര്‍ത്തിയാകും. എല്ലാ ഫോര്‍മാറ്റിലുമായി ഓസീസ് ഇതുവരെ 999 മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്്.
















