തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള ഭക്തരുടെ വിജയം അയ്യപ്പ ശക്തി വിളിച്ചോതുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള. വിശ്വാസം സംരക്ഷിക്കുന്നതിനായി ബിജെപി ഉറച്ച് നില്‍ക്കുമെന്നും തിരുവനന്തപുരത്ത് ബിജെപിയുടെ നിരാഹാര പന്തലിന് മുന്നില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
വിശ്വാസികളുടെ പോരാട്ടത്തിന് എല്ലാവരുടെയും പിന്തുണ തേടും. ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു. ഇക്കാര്യം എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ശബരിമലയിലേക്ക് വിശ്വാസികളുടെ മേലങ്കിയണിയിച്ച് സാമുഹ്യ വിരുദ്ധരെ കൊണ്ടു പോകുന്നു. ശബരിമലയില്‍ എത്താന്‍ ശ്രമിച്ചവര്‍ നിരീശ്വര വാദികളും ചില പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുള്ളവരുമാണ്.
വനിതാ മതിലില്‍ മുഖ്യമന്ത്രി ആദ്യത്തെ നിലപാട് മാറ്റി. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെയും പുരുഷന്‍മാരെയും കൂടി മതിലില്‍ പങ്കെടുപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വനിതാ മതില്‍ കേരളത്തിന് ശാപവും പാപവും മാത്രമാണ് സംഭാവന ചെയ്യുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
















