തിരുവനന്തപുരം: ശബരിമലയില്‍ എങ്ങനെയും യുവതീപ്രവേശനം ഉറപ്പാക്കുകയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ശ്രമം കൂടിയാണ് ഇന്നലെ തകര്‍ന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സ്ത്രീകളെ പമ്പ വരെ എത്തിച്ചതിന്റെ പൂര്‍ണ ആസൂത്രണം മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തര വകുപ്പും ചേര്‍ന്നാണ് നടത്തിയത്.
വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത ചെറുത്തു നില്‍പ് അവസാന ലക്ഷ്യം തെറ്റിച്ചു. ഭക്തരുടെ പ്രതിഷേധക്കരുത്തിനു മുന്നില്‍ യുവതികള്‍ക്കൊപ്പം പോലീസും തിരിഞ്ഞോടിയപ്പോള്‍ പരാജയപ്പെട്ടത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൃത്യമായി തയാറാക്കിയ തിരക്കഥയാണ്. തുലാമാസപൂജ സമയത്തും ചിത്തിര ആട്ടവിശേഷ ദിനത്തിലും യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ പരാജയത്തിനു തുല്യമായ തോല്‍വി.
പോലീസ് ബുദ്ധിക്കു പിന്നില്‍
ശബരിമലയില്‍ നിന്ന് ആക്ടിവിസ്റ്റുകളായ യുവതികള്‍ ശബരിമലയിലെത്താന്‍ സമ്മതം മൂളിയപ്പോള്‍ സിപിഎം തമിഴ്‌നാട് ഘടകവുമായി ചേര്‍ന്ന് സൗകര്യമൊരുക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് യുവതികള്‍ക്ക് ചെന്നെയില്‍ നിന്നു തന്നെ സുരക്ഷ ഒരുക്കാന്‍ കേരള പോലീസ് തയാറായത്. ചുമതല കോട്ടയം എസ്പി ഹരിശങ്കറിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് രണ്ട് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ചെന്നൈയ്‌ക്ക് അയയ്‌ക്കുകയും അവര്‍ യുവതികള്‍ക്ക് അകമ്പടി സേവിക്കുകയും ചെയ്തു.
പ്രതിഷേധക്കാര്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ യാത്ര രാത്രിയിലാക്കിയതും പോലീസ് ബുദ്ധിയായിരുന്നു. കേന്ദ്രമന്ത്രിയുടെ വാഹനം പോലും നിലയ്‌ക്കലില്‍ തടഞ്ഞ കേരളാ പോലീസ് യുവതികളെ സര്‍വ സുരക്ഷയും ഒരുക്കി പമ്പയിലെത്തിച്ചു.
നിരീക്ഷണ സമിതിയും കൈവിട്ടു
പമ്പയിലെത്തിയതോടെ ഏറെക്കുറെ ജയിച്ചതുപോലെയായിരുന്നു പോലീസ്. ആദ്യ തിരിച്ചടി ഹൈക്കോടതി നിരീക്ഷകരുടെ ഭാഗത്തുനിന്നായിരുന്നു. യുവതികളെ ഇനിയും മലകയറ്റാനുള്ള ഉത്തരവാദിത്വം നിരീക്ഷണ സമിതിക്കുണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സുപ്രീംകോടതിയെ പേടിച്ച് സമിതി അനുകൂല നിലപാട് എടുക്കുമെന്നാണ് കരുതിയത്.
റിപ്പോര്‍ട്ടു നല്‍കല്‍ അല്ലാതെ ക്രമസമാധാന ഉത്തരവാദിത്തത്വമില്ലെന്ന് നിരിക്ഷണ സമിതി വ്യക്തമാക്കിയതോടെ ആ പ്രതീക്ഷ പോയി. പമ്പയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടാണെങ്കിലും യുവതികളെ സന്നിധാനത്തെത്തിക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. അറസ്റ്റ് ചെയ്ത് അയ്യപ്പന്മാരെ നീക്കി യുവതികളെ മുന്നോട്ടു കൊണ്ടുപോയെങ്കിലും എത്തിയ വിശ്വാസികളുടെ പ്രതിഷേധത്തില്‍ പേടിച്ച യുവതികള്‍ പേടിച്ചോടി. പോലീസിനും തിരിഞ്ഞോടുകയല്ലാതെ മാര്‍ഗമില്ലന്നായി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തകര്‍ന്നു. കേരള പോലീസിന്് നാണക്കേടും ബാക്കി.
















