തിരുവനന്തപുരം: പത്ത് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമനുഷ്ഠിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ വന്‍ പോലീസ് സന്നാഹമെത്തി അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിരാഹാരം ആരംഭിച്ചു.
അറസ്റ്റ് ചെയ്തു നീക്കിയ സി.കെ. പത്മനാഭനെ പോലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ ശോഭാ സുരേന്ദ്രനെ ഹാരമണിയിച്ചു. ആചാര ലംഘനത്തിന് വേണ്ടിയാണ് വനിതാ മതില്‍. യാതൊരു കാരണവശാലും ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ അനുവദിക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകളും നിരോധനാജ്ഞയും പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ മൂന്നിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നിരാഹാരം ആരംഭിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ പത്തിന് എ.എന്‍. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് സി.കെ പത്മനാഭന്‍ നിരാഹാരം ആരംഭിച്ചത്.
















