കോട്ടയം : പാല കാര്‍മലീത്ത മഠാംഗമായ സിസ്റ്റര്‍ അമലയുടെ കൊലപാതക്കേസില്‍ കാസര്‍ഗോഡ് സ്വദേശി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി. പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. മനീഷാണ് കുറ്റക്കാരനെന്ന് ഉത്തരവിട്ടത്. നിലവില്‍ മറ്റൊരു കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിക്കെതിരെയുള്ള വിധി വ്യാഴാഴ്ച പ്രസ്താവിക്കും.
കേസിന്റെ വിചാരണയില്‍ ഇതുവരെ 65 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. കൂടാതെ 87 രേഖകളും, 20 തൊണ്ടിമുതലും പരിശോധിച്ചാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, ഭവനഭേദനം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് സതീഷിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ മോഷണം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളില്‍ നിന്നും ഇയാളെ ഒഴിവാക്കി.
്അതിനിടെ വിചാരണവേളയില്‍ കോടതിയില്‍ എന്തെങ്കിലും അറിയിക്കാനുണ്ടോ എന്ന ചോദ്യത്തിന് തനിക്കെതിരെയുള്ള പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് സതീഷ് ആരോപിച്ചു.
2015 സെപ്തംബര്‍ 17നാണ് സിസ്റ്റര്‍ അമലയെ പാല കോണ്‍വെന്റിലെ മൂന്നാമത്തെ നിലയില്‍ തലയ്‌ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റിന്‍ എന്നിവരാണ് കേസന്വേഷിച്ചത്.
















