കൊളംബോ: ശ്രീലങ്കയില്‍ രണ്ടു മാസത്തെ ഭരണപ്രതിസന്ധിക്ക് വിരാമമിട്ട് റനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അപ്രതീക്ഷിത നീക്കത്തിലൂടെ പ്രസിഡന്റ് മൈത്രീപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ട് വിക്രമസിംഗെയെ പുറത്താക്കിയതിനെ തുടര്‍ന്ന് ഒട്ടേറെ രാഷട്രീയ നാടകങ്ങള്‍ക്ക് ശ്രീലങ്ക വേദിയായിരുന്നു. സിരിസേനയ്‌ക്ക് പ്രിയങ്കരനായ മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.
അയോഗ്യനെന്ന് സുപ്രീംകോടതി വിധിച്ചതിനെ തുടര്‍ന്ന് രാജപക്‌സെ രാജിവെച്ചതോടെയാണ് യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവു കൂടിയായ വിക്രമ സിംഗെയ്‌ക്ക് പ്രധാനമന്ത്രി പദം തിരികെ ലഭിച്ചത്. പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സിരിസേന സത്യവാചകം ചൊല്ലിക്കൊടുത്തു.
നിയമവിരുദ്ധമായി അധികാരം കൈയേറിയവരെ പുറത്താക്കി ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ പോരാടിയ ജനതയ്‌ക്ക് വിക്രസിംഗെ നന്ദി അറിയിച്ചു. മന്ത്രിസഭാരൂപീകരണം വൈകാതെയുണ്ടാകുമെന്ന് വിക്രമസിംഗെയുടെ വക്താവ് അറിയിച്ചു.
പ്രസിഡന്റ് സിരിസേനയുടെ നിലപാടുകള്‍ ശ്രീലങ്കന്‍ രാഷ്‌ട്രീയത്തില്‍ പലപ്പോഴും നിര്‍ണായകമായിരുന്നു. മുമ്പ് മഹിന്ദ രാജപക്‌സെയ്‌ക്കൊപ്പം ചേര്‍ന്ന് സഖ്യമുണ്ടാക്കിയിരുന്ന സിരിസേന അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു. 2015ല്‍ സഖ്യമൊഴിഞ്ഞ് വിക്രമസിംഗെയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി.
അവിടെയും രാഷ്‌ട്രീയ ധ്രുവീകരണമുണ്ടാക്കിയാണ് കഴിഞ്ഞ ഒക്‌ടോബര്‍ 26ന് പാര്‍ലമെന്റ് പിരിച്ചു വിട്ട് വിക്രമസിംഗെയെ നിഷ്‌കാസിതനാക്കിയത്. തന്നെ സ്ഥാനഭ്രഷ്ടനാക്കിയത് അന്യായമാണെന്ന വാദത്തില്‍ വിക്രമസിംഗെ ഉറച്ചു നിന്നു. പ്രധാനമന്ത്രിയായി നിയമിതനായെങ്കിലും പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജപക്‌സെയ്‌ക്ക് കഴിഞ്ഞിരുന്നില്ല.
















