തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം കേരളം രഞ്ജിട്രോഫിയില്‍ ആറാം മത്സരത്തിനിറങ്ങുന്നു. ദല്‍ഹിയാണ് എതിരാളികള്‍. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ രാവിലെ 9.30 ന് മത്സരം ആരംഭിക്കും.
കഴിഞ്ഞ മത്സരങ്ങളില്‍ മധ്യപ്രദേശും തമിഴ്‌നാടുമാണ് കേരളത്തെ തോല്‍പ്പിച്ചത്. അഞ്ചു മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും ഏറ്റുവാങ്ങിയ കേരളം ഗ്രൂപ്പ് ബിയില്‍ പതിമൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
അതേസമയം നാല് മത്സരങ്ങള്‍ കളിച്ച ദല്‍ഹി ഏഴു പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഒരു തോല്‍വിയും മൂന്ന് സമനിലയും സ്വന്തമാക്കി.
കൂച്ച് ബഹാര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച വത്സന്‍ ഗോവിന്ദനെ കേരളം ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട് . പരിക്കേറ്റ രോഹന്‍ പ്രേമിന് പകരമാണ് ഈ യുവതാരം ടീമിലെത്തിയത്. വത്സന്‍ ഇന്ന് രഞ്ജിട്രോഫിയില്‍ കേരളത്തിനായി അരങ്ങേറുമെന്നാണ് പ്രതീക്ഷ. ഫോം നഷ്ടമായ അരുണ്‍ കാര്‍ത്തിക് പുറത്തിരിക്കും. ജലജ് സക്‌സേന, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ , സന്ദീപ് വാര്യര്‍ തുടങ്ങിയവരാണ് കേരളത്തിന്റെ കരുത്ത്.
മധ്യനിര ബാറ്റ്‌സ്മാനായ എന്‍. റാണയാണ് ദല്‍ഹിയെ നയിക്കുന്നത്. അഞ്ജു റാവത്ത്, എച്ച്.ദലാല്‍, എസ്്.രഞ്ജന്‍, ഡി.ആര്‍. ഷോറി, സിമര്‍ജിത്ത് സിങ്ങ് തുടങ്ങിയവരാണ് ദല്‍ഹിയുടെ ശക്്തി കേന്ദ്രങ്ങള്‍.
കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ദല്‍ഹിക്ക് ഇതുവരെ വിജയം നേടാനായിട്ടില്ല. പരിചയസമ്പന്നനായ ഗൗതം ഗംഭീര്‍ വിരമിച്ചത് അവരുടെ പ്രകടനത്തെ ബാധിക്കും.
















