കോട്ടയം: മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഡിസംബര്‍ 26ന് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയുടെ ആസൂത്രണം ഗ്രാമതലങ്ങളില്‍ നടക്കും. ജില്ലാതല അവലോകന യോഗങ്ങള്‍ ഇന്നലെ ആരംഭിച്ചു. ഓരോ ഗ്രാമത്തില്‍ നിന്നും പരമാവധി വിശ്വാസികളെ അയ്യപ്പജ്യോതി തെളിയിപ്പിക്കാനെത്തിക്കുക എന്നതാണ് ഗ്രാമതല ആസൂത്രണത്തിന്റെ ലക്ഷ്യം.
ശബരിമല കര്‍മ്മസമിതിയും 120 ഹിന്ദുസംഘടനകളും ആശ്രമങ്ങളും മഠങ്ങളും ഹിന്ദു സാംസ്‌കാരിക മതകേന്ദ്രങ്ങളും ചേര്‍ന്നാണ് ദേശീയപാതയിലൂടെയും സംസ്ഥാനത്തെ പ്രമുഖ പാതകളിലൂടെയും അയ്യപ്പജ്യോതി തെളിയിക്കുക. ജ്യോതികളില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം തയ്യാറെടുപ്പുകളോടെ എത്തിച്ചേരണമെന്നാണ് നിര്‍ദേശം. ഓരോ പ്രദേശത്തുനിന്നും എത്തുന്നവര്‍ വിളക്കുതെളിയിക്കേണ്ട വീഥികള്‍ മുന്‍കൂട്ടി തന്നെ തീരുമാനിക്കും. അവിടങ്ങളിലെ അലങ്കാരവേലകള്‍ അടക്കമുള്ളവ ഗ്രാമീണരുടെ നേതൃത്വത്തില്‍ ചെയ്യണം.
26ന് വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് എല്ലായിടത്തും ജ്യോതി തെളിയും. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ഭജനയും വിശദീകരണവും നടക്കും. സാമുദായിക നേതാക്കളോ സ്ഥലത്തെ പ്രമുഖരോ ആദ്യ ദീപം തെളിയിക്കുന്നതോടെ വിശ്വാസികള്‍ ഒന്നടങ്കം ദീപം പകര്‍ന്ന് വിളക്ക് കത്തിച്ച് തുടങ്ങും.
ഈ മാസം 15 ന് മുമ്പ് ഗ്രാമീണതലത്തില്‍ ആസൂത്രണം പൂര്‍ണമാകും. ഇന്നലെ ആരംഭിച്ച ജില്ലാതല അവലോകന യോഗങ്ങള്‍ ഇന്നും തുടരും.















