കുമളി: ആനക്കൊമ്പുമായി കേരളത്തിലെത്തിയ രണ്ടുപേരെ സംസ്ഥാന അതിര്‍ത്തിയായ കുമളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. പത്തുകിലോ തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളുമായി തമിഴ്‌നാട് കെജിപെട്ടി സ്വദേശികളായ ഗംഗന്‍ (37) പ്രഭു (34) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ കുമളി റോസാപ്പൂക്കണ്ടത്ത് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരാണ് ഇവരെ പിടിച്ചത്. ഇടനിലക്കാര്‍ മുഖേന കേരളത്തില്‍ വില്‍പ്പന നടത്താനാണ് ഇവിടെ എത്തിച്ചതെന്നാണ് പിടിയിലായവര്‍ നല്‍കുന്ന വിവരം. രാത്രികാല പരിശോധനയ്‌ക്കിടെ തമിഴ്‌നാട് അതിര്‍ത്തി കടന്ന് എത്തിയ പ്രതികളുടെ കൈവശമുണ്ടായിരുന്ന ചാക്ക് കെട്ടു പരിശോധിച്ചപ്പോഴാണ് ആനക്കൊമ്പ് കണ്ടെത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പെരിയാര്‍ വന്യജീവി സാങ്കേതത്തില്‍ ഉള്‍പ്പെട്ടതും തമിഴ്നാടിന്റെ പരിധിയില്‍ വരുന്നതുമായ മേഘമലയ്‌ക്ക് സമീപം വെണ്ണിയാര്‍ ഭാഗത്ത് വൈദ്യുതാഘാതമേറ്റ് ആനകള്‍ ചെരിഞ്ഞിരുന്നു. ഇവയുടെ കൊമ്പുകളാണ് ഇപ്പോള്‍ പിടികൂടിയതെന്നാണ് അധികൃതര്‍ പറയുന്നത്.
ഏകദേശം നാല്‍പതു വയസ് പ്രായം വരുന്ന ആനയുടേതാണ് കണ്ടെത്തിയ കൊമ്പുകള്‍. ഓരോന്നിനും അരമീറ്ററിലധികം നിളമുണ്ട്.
പ്രതികളിലൊരാളായ ഗംഗന്‍ മുന്‍പും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കുമളിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.
തേക്കടി റേഞ്ച് ഓഫീസര്‍ അനുരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നന്ദു, സൂരജ്, സന്തോഷ്, ഷിന്റോ തോമസ്, വാച്ചര്‍മാരായ മനുമോഹന്‍, അജിമോന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
















