പാലക്കാട്: പുതുവര്‍ഷത്തിന് സിപിഎം നിര്‍മിക്കുന്ന വനിതാ മതിലിനപ്പുറം ഒരു പേര് എഴുതിച്ചേര്‍ക്കാം. വിമലാദേവി, ആ പേരിന് പാതിവെന്ത മനുഷ്യശരീരത്തിന്റെ ഗന്ധമുണ്ട്. സമാനതകളില്ലാത്ത മാര്‍ക്‌സിസ്റ്റ് ക്രൂരതയുടെ അടയാളമാണ് ആ നാല്‍പ്പത്തഞ്ചുകാരി. ഒരു പക്ഷേ കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഇത്തരത്തിലൊരു കൊല ആദ്യമായാണ്. ഒരു കുടുംബത്തിലെ രണ്ടുപേരെ ജീവനോടെ ചുട്ടെരിച്ച സംഭവം മനുഷ്യമനഃസാക്ഷിയെ വെല്ലുവിളിക്കുന്നതിനപ്പുറമാണ്. ഐഎസ് ഭീകരരെക്കാളും നീചമായ തരത്തിലായിരുന്നു സിപിഎമ്മിന്റെ അരുംകൊല.
പാലക്കാട് ജില്ലയില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തില്‍ സിപിഎമ്മിനുണ്ടായ തളര്‍ച്ച ചെറുതൊന്നുമല്ല. ഇത് സിപിഎമ്മിനെ നയിച്ചത് ഒരു കുടുംബത്തെ തന്നെ ചുട്ടുചാമ്പലാക്കാമെന്ന തീരുമാനത്തിലേക്കായിരുന്നു.
രണ്ടുകുഞ്ഞുങ്ങളുടെ അമ്മയായ വിമലാദേവിയെന്ന വീട്ടമ്മയെയാണ് സിപിഎമ്മുകാര്‍ അതിക്രൂരമായി ചുട്ടുകൊന്നത്. 2016 ഡിസംബര്‍ 28നാണ് കഞ്ചിക്കോട് ചടയന്‍കലായിലെ ബിജെപി മുന്‍ പഞ്ചായത്തംഗം കണ്ണന്റെ സഹോദരന്‍ രാധാകൃഷ്ണന്റെ വീട്ടിലെ ബൈക്കിനു തീവച്ചത്. ബൈക്കില്‍ നിന്ന് തീ ഗ്യാസ്‌സിലിണ്ടറിലേക്ക് പടര്‍ന്ന് പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
രാധാകൃഷ്ണന്റെ വീട് പൂര്‍ണമായും കത്തിനശിച്ചു. തൊട്ടടുത്തുണ്ടായിരുന്ന വയ്‌ക്കോല്‍ കൂനയ്‌ക്കും തൊഴുത്തിനും അക്രമി സംഘം തീ വച്ചു. എന്നാല്‍ തൊഴുത്തിലുണ്ടായിരുന്ന പശുക്കളെയും ആടുകളെയും പെട്ടെന്ന് അഴിച്ചുമാറ്റി. ഗൃഹോപകരണങ്ങളും തീയില്‍ കത്തിയമര്‍ന്നു. വീടിനകത്തേക്ക് തീപടര്‍ന്നയുടന്‍ രാധാകൃഷ്ണന്റെ മകളെ അതിസാഹസികമായാണ് കണ്ണന്റെ ഭാര്യ വിമലാദേവി രക്ഷിച്ചത്.
കണ്ണന്‍, ഭാര്യ വിമലാദേവി, സഹോദരന്‍ രാധാകൃഷ്ണന്‍, മറ്റൊരു സഹോദരന്‍ ശെല്‍വരാജിന്റെ മകന്‍ ശരത്ത് എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
രാധാകൃഷ്ണന്‍ 2017 ജനുവരി ആറിന് മരിച്ചു. രണ്ടുകുട്ടികളുടെ അമ്മയായ നാല്‍പ്പത്തഞ്ചുകാരി വിമലാദേവി 2017 ജനുവരി 16ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ബിജെപിയുടെയും മഹിളാമോര്‍ച്ചയുടെയും സജീവ പ്രവര്‍ത്തകയായിരുന്നു വിമലാദേവി. നാല്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെയാണ് സിപിഎമ്മുകാര്‍ ചുട്ടെരിച്ചത്.
മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ പകുതിവെന്ത ശരീരവുമായാണ് വിമലയുടെ ഭര്‍ത്താവ് കണ്ണന്‍ ജീവിതത്തിലേക്ക് തിരികെ വന്നത്.
രണ്ടുപേരെ ചുട്ടുകൊന്ന സംഭവത്തില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. ബിജെപി പ്രവര്‍ത്തകരെ ചുട്ടുകൊന്നതിന് പ്രത്യുപകാരമായി കേസിലെ മുഖ്യപ്രതിയായ ജയന്‍ എന്ന പ്രവര്‍ത്തകനെ സിപിഎം ചടയന്‍കലായ് ബ്രാഞ്ച് സെക്രട്ടറിയാക്കി. സംഭവം നടന്ന് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെ പിടികൂടുവാന്‍ പോലീസിനോ ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല.















