തിരുവനന്തപുരം: വാടക വീട്ടിലെ ഇത്തിരി തിണ്ണയില്‍ നിറകണ്ണുമായി നില്‍ക്കുകയാണ് കുമാരി. ഇവര്‍ ഒരു നാടിന്റെ സങ്കടക്കാഴ്ചയായിട്ട് ഒന്നര വര്‍ഷമാവുന്നു.
ഭരണവര്‍ഗം മനുഷ്യാവകാശത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചപ്പോള്‍ തകര്‍ന്നുപോയ കുമാരിയെ അത്രപെട്ടന്ന് മറക്കാനിടയില്ല. കാട്ടാക്കട കിള്ളി മേച്ചിറയില്‍ സിപിഎം നേതൃത്വത്തിന്റെ കുടിയൊഴിപ്പിക്കലില്‍ കിടപ്പാടം നഷ്ടമായി തെരുവിലിറക്കപ്പെട്ടവരാണ് കുമാരിയും എട്ടംഗ കുടുംബവും. പട്ടികജാതി കുടുംബങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുമെന്ന് നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം പുലമ്പുന്ന സിപിഎമ്മുകാരുടെ ചതിയുടെയും വഞ്ചനയുടേയും ബാക്കിപത്രം കൂടിയാണ് ഇവര്‍.
‘ഞങ്ങള്‍ക്ക് നീതി കിട്ടാന്‍ ജീവനൊടുക്കണോ, അതിനും തയാര്‍.” ഇത് കുമാരിയുടെ രോദനമാണ്. പിന്മുറക്കാര്‍ കുടുംബ ഓഹരിയായി നല്‍കിയ ഭൂമി ഭരണസ്വാധീനം ഉപയോഗിച്ച് ഡിവൈഎഫ്‌ഐ നേതാവിന്റെ കുടുംബം കൈയടക്കിയപ്പോള്‍ തകര്‍ന്നു വീണത് കൊട്ടിഗ്‌ഘോഷിക്കുന്ന മനുഷ്യാവകാശം തന്നെയായിരുന്നു.
2017 ജൂണ്‍ 6ന് തെരുവിലിറക്കപ്പെട്ട കുമാരിയും കുടുംബവും ബിജെപി പ്രവര്‍ത്തകര്‍ എടുത്തു നല്‍കിയ വാടകവീട്ടിലാണ് താമസം. മാസവാടക നല്‍കുന്നത് ബിജെപി കാട്ടാക്കട പഞ്ചായത്ത് കമ്മിറ്റി.
ഈ ദളിത് സ്ത്രീയുടെ കൂര പൊളിക്കാന്‍ കൂട്ടുനിന്ന സിപിഎം നേതൃത്വം തെരുവിലാക്കിയത് പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സഖാവിനെ തന്നെയായിരുന്നു.
ചാത്ത ശാന്തപ്പുവെന്ന കര്‍ഷക തൊഴിലാളിയുടെ കൊച്ചുമകളാണ് കുമാരി. പരമ്പരാഗതമായി ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന കര്‍ഷക തൊഴിലാളി കുടുംബം. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്ന് നിഷ്‌കരുണം പടിയിറക്കിയപ്പോള്‍ പിടഞ്ഞത് അവളുടെ ഹൃദയമായിരുന്നു.
ഒന്നര വര്‍ഷം മുന്‍പുവരെ ചെങ്കൊടിയേന്തി സിപിഎം പ്രകടനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന കുമാരി പറയുന്നു, ഇന്ന് ചെങ്കൊടി കാണുമ്പോള്‍ എനിക്ക് പുച്ഛമാണ്.















