കണ്ണൂര്‍: മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള നാവികര്‍ പങ്കെടുക്കുന്ന രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരത്തിന് ഏഴിമല നാവിക അക്കാദമിയില്‍ ഇന്നലെ തുടക്കമായി. ഫ്രാന്‍സ്, ജര്‍മ്മനി, ഇറാന്‍, ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇസ്രായേല്‍, ഇറ്റലി, മലേഷ്യ, മ്യാന്‍മര്‍, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, യുഎഇ, യുകെ., യുഎസ്എ, കാനഡ, ബ്രസീല്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാവികരാണ് അഡ്മിറല്‍ കപ്പിനായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ നാവിക അക്കാദമിയും ദേശീയ പ്രതിരോധ അക്കാദമിയും പങ്കെടുക്കുന്നുണ്ട്.
ഏഴിമല നാവിക അക്കാദമിയോട് ചേര്‍ന്നുള്ള എട്ടിക്കുളം കടലിലാണ് മത്സരം നടക്കുക. പായ് കെട്ടിയ ചെറിയ ഫൈബര്‍ വഞ്ചികളാണ് മത്സരത്തിന് ഉപയോഗിക്കുന്നത്. നിശ്ചിത ദൂരം കാറ്റിന്റെ ഗതി അനുസരിച്ച് പായകള്‍ നിയന്ത്രിച്ച് വഞ്ചിയോടിച്ച് എത്തുകയാണ് വേണ്ടത്. മത്സരിക്കുന്ന ടീമുകള്‍ 16 റേസിങ്ങിലാണ് നാലു ദിവസം കൊണ്ട് പങ്കെടുക്കുക. ഓരോ രാജ്യത്തെയും പ്രതിനിധാനം ചെയ്ത് രണ്ടു വഞ്ചികള്‍ വീതം പങ്കെടുക്കും. ടീം ചാമ്പ്യനെയും വ്യക്തിഗത താരങ്ങളെയും മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കും. നാവിക അക്കാദമി കമാഡന്റ് ആര്‍.ബി.പണ്ഡിറ്റ് മത്സരം ഉദ്ഘാടനം ചെയ്തു. ടീമുകളെ അദ്ദേഹം പരിചയപ്പെട്ടു. 2010ല്‍ എട്ടു വിദേശ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഏഴിമല നാവിക അക്കാദമി അഡ്മിറല്‍ കപ്പിനു വേണ്ടിയുള്ള രാജ്യന്തര പായ്‌വഞ്ചിയോട്ട മത്സരത്തിന് തുടക്കം കുറിച്ചത്.
















