ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ശ്രീലങ്കയിലെ തമിഴ് തീവ്രവാദികളായ എല്‍ടിടിഇ. എല്‍ടിടിഇയുടെ വക്താക്കളായ കുബുരാന്‍ ഗോസ്വാമിയും നിയമ വിഭാഗത്തിന്റെ തലവന്‍ ലതാന്‍ ചന്ദ്രലിംഗവും ഒപ്പു വെച്ച കത്തിലാണ് ഇത്തരത്തില്‍ വ്യക്തമാക്കിയത്.
ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സംഘടനയ്‌ക്ക് രാജീവ്ഗാന്ധി വധക്കേസുമായി ബന്ധമില്ലെന്ന് തെളിവു സഹിതം സമര്‍ത്ഥിച്ചിട്ടും ആരോപണം തങ്ങളില്‍ കാലാകാലമായി കെട്ടിവെയ്‌ക്കുകയാണെന്നും കത്തില്‍ പറയുന്നു.
എല്‍ടിടിഇ ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനോ ആക്രമിക്കാനോ ശ്രമിച്ചിട്ടില്ല. ശ്രീലങ്കന്‍ നേതാക്കള്‍ക്കെതിരെയല്ലാതെ ഇന്ത്യയിലെ മറ്റു നേതാക്കളെ ലക്ഷ്യം വച്ച് തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.
ഇന്ത്യന്‍ സര്‍ക്കാരും എല്‍ടിടിഇയെയും തമ്മിലുണ്ടായിരുന്ന സുശക്തമായ ബന്ധം തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രാജീവ് ഗാന്ധിയുടെ വധമെന്നും കത്തില്‍ പറയുന്നു.തങ്ങള്‍ക്കെതിരെയുള്ള ആരോപണത്തില്‍ നിന്നും മുക്തമാക്കി അന്താരാഷ്‌ട്രതലത്തില്‍ തങ്ങള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണമെന്നും കത്തില്‍ പറയുന്നു.
















