ശ്രീനഗര്‍: ജമ്മു കശ്മീരിലെ യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍. ഹണിട്രാപ്പിലൂടെ ആയുധങ്ങള്‍ കടത്തുന്നതിനും നുഴഞ്ഞുകയറ്റക്കാര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാവാനും ഇത്തരം യുവാക്കളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നു.
കഴിഞ്ഞയാഴ്ച പിടിയിലായ സെയ്ദ് ഷാസിയയെന്ന യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തു വന്നത്. ബന്ദിപ്പോരയില്‍ നിന്നാണ് യുവതി പിടിയിലായത്. യുവതിയുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പരിശോധിച്ച പോലീസ് കശമീരിലെ നിരവധി യുവാക്കള്‍ യുവതിയുടെ സുഹൃത്തുക്കളായി കണ്ടു.
ചാറ്റിങ്ങിലൂടെ യുവാക്കളെ പാട്ടിലാക്കിയ യുവതി തനിക്ക് ചില സാധനങ്ങള്‍ എത്തിച്ചു നല്‍കിയാല്‍ തമ്മില്‍ കാണാമെന്ന് വാഗ്ദാനം നല്കിയാണ് യുവാക്കളെ ആയുധക്കടത്തിന് ഉപയോഗിച്ചിരുന്നത്.
കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥരടക്കം യുവതിയുടെ സൗഹൃദവലയത്തിലുണ്ട്. യുവാക്കളുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്ന യുവതി പ്രലോഭനങ്ങളിലൂടെ അവരെ വശത്താക്കുന്നതായും കണ്ടെത്തി.
















