ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മാണം വേഗത്തിലാക്കണമെന്ന ആഹ്വാനവുമായി ദല്‍ഹിയില്‍ ശ്രീരാമ സങ്കല്‍പ രഥയാത്ര ആരംഭിച്ചു. പത്തു ദിവസത്തെ യാത്ര ഒമ്പതിന് ദല്‍ഹി രാംലീലാ മൈതാനിയില്‍ നടക്കുന്ന മഹാറാലിയോടെ സമാപിക്കും. സന്യാസിമാരുടെ ധര്‍മസഭയും അന്നേദിവസം നടക്കും.
അഞ്ചു ലക്ഷത്തോളം രാമഭക്തര്‍ അണിനിരക്കുന്ന റാലിയില്‍ രാജ്യത്തെ പ്രധാന സംന്യാസി പരമ്പരകളുടെ പ്രതിനിധികള്‍ നേതൃത്വം നല്‍കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടു മുമ്പായുള്ള രാമഭക്തരുടെ മഹാറാലി ക്ഷേത്ര നിര്‍മാണത്തിനുള്ള നിയമനിര്‍മാണ പ്രക്രിയ വേഗത്തിലാക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറ്റും.
ഇന്നലെ രാവിലെ ദല്‍ഹിയിലെ ഝണ്ഡേവാലാന്‍ ദേവീ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച സങ്കല്‍പ്പ രഥയാത്രയ്‌ക്ക് വിഎച്ച്പി അന്തര്‍ദേശീയ അധ്യക്ഷന്‍ അലോക് കുമാര്‍ നേതൃത്വം നല്‍കി. പത്തു ദിവസം കൊണ്ട് രാജ്യതലസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തും.
















