മുംബൈ: പതിനേഴ് വയസുകാരനെ വിവാഹം ചെയ്ത ഇരുപത്തി രണ്ട്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലലൈംഗിക പീഡനത്തിനാണ് അറസ്റ്റ്. 17കാരന്റെ അമ്മയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. മകനെ യുവതി പ്രലോഭിപ്പിച്ച് കൂടെത്താമസിപ്പിച്ചിരിക്കുകയാണെന്നായിരുന്നു പരാതി. ഇതിന് മുന്‍പ് രണ്ട് തവണ വിവാഹിതയായ ആളാണ് യുവതിയെന്നും, ഭീഷണിപ്പെടുത്തിയാണ് മകനെ കൂടെത്താമസിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ നവംബറിലാണ് മകനോടൊപ്പം യുവതി വീട്ടിലെത്തിയത്. എന്നാല്‍ ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവതിയെ ഇറക്കിവിട്ടു. തുടര്‍ന്ന് മകനും യുവതിക്കൊപ്പം പോവുകയായിരുന്നു.
അതേസമയം തങ്ങളുടേത് പരസ്പര സമ്മത പ്രകാരമുള്ള വിവാഹമാണെന്നാണ് യുവതിയുടെ വാദം. ഇവര്‍ക്ക് അഞ്ച് മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ഇക്കാര്യം കാണിച്ച് ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ബൈക്കുള ജയിലില്‍ കഴിയുന്ന യുവതിക്കൊപ്പമാണ് ഇപ്പോള്‍ കുട്ടി.
















